ഓരോ ബസുകളും ഇനി ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും; കര്‍ശന നടപടികളുമായി എംവിഡി

സംസ്ഥാനത്ത് കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വടക്കഞ്ചേരി അപകടത്തില്‍ ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് പരാമാവധി വേഗപരിധി 700 കിലോമീറ്ററാണ് വേഗപരിധി. ഈ സാഹചര്യത്തില്‍ വാഹന ഡീലര്‍മാരും മറ്റും ഉള്‍പ്പെടുന്ന ലോബിയാണ് സ്പീഡ് ഗവര്‍ണര്‍ പൊളിക്കുന്നത് എന്നത് നേരത്തെ വാര്‍ത്തയായിരുന്നു.

അതേസമയം, ഓരോ ബസുകളും ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ഓരോ പ്രദേശത്തും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ആ പ്രദേശത്തുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ച് നല്‍കും. പിന്നീട് ഈ ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉത്തരവാദിത്തപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവും. നിലവില്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍, പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കി നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനും തീരുമാനമുണ്ട്.

പലനിറത്തില്‍ പെയിന്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തും. പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ഓപ്പറേറ്ററുടെ പേരെഴുതാം. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതുകയും ചെയ്യാം. വിദ്യാലയങ്ങളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ മൂന്നു ദിവസം മുന്‍പ് അധികൃതരെ വിവരം അറിയിക്കണം. നിര്‍ദേശം സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും ആര്‍ടിഒ അനുമതി നല്‍കുക.