ന്യൂഡൽഹി: വിവിധ സ്ഥലങ്ങളിൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി ഉൾപ്പെടെ 35 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നത്. ഡൽഹി, പഞ്ചാബ്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.
അതേസമയം, ഇഡിയുടെ നടപടിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ രംഗത്തെത്തിയിട്ടുണ്ട്. വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണെന്നാണ് കെജ്രിവാളിന്റെ വിമർശനം. എൻഫോഴ്സ്മെന്റ് 3 മാസത്തിനിടെ നൂറുകണക്കിന് സ്ഥലങ്ങളിൽ 500 പരിശോധനകൾ നടത്തി. എന്നാൽ, മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.
മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വിജയ് നായരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പ്രതിയെ സിബിഐ ഹാജരാക്കിയത്. വിജയ് നായരുടെ മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണെന്നും, പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

