ന്യൂഡൽഹി: ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് പുതുക്കി നിശ്ചയിച്ച് ലോകബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറര ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായി കോവിഡ് കാലത്തെ അതിജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 8.7 ശതമാനം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ കൈവരിച്ചത്.
ഇന്ത്യ ഏറ്റവും മികച്ച രീതിയിൽ സാമ്പത്തികമായി മുന്നേറ്റം കാഴ്ചവയ്ക്കുന്നത് സേവന മേഖലയിലും, സേവന കയറ്റുമതിയിലുമാണ്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെയും മൂന്നാമത്തെയും പാദവാർഷികങ്ങൾ ലോകത്തെ മറ്റു പല രാജ്യങ്ങൾക്കും വെല്ലുവിളി നിറഞ്ഞതാണ്. സമാനമായ നിലയിൽ ഇന്ത്യയ്ക്കും സാമ്പത്തിക സാഹചര്യങ്ങൾ തിരച്ചടി ആകുമെങ്കിലും അതിനെ ഫലപ്രദമായി ചെറുക്കുന്നതിൽ ഇന്ത്യ മുന്നേറുന്നുണ്ടെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അതേസമയം, റിസർവ് ബാങ്കിലെ വിദേശനാണ്യശേഖരം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും എന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യ വിഭാഗം ചീഫ് സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ അറിയിച്ചു.
കാലത്തെ അതിജീവിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഡിജിറ്റൽ ആശയങ്ങൾ ഉപയോഗിച്ച് സാമൂഹിക സുരക്ഷാ നെറ്റ്വർക്കുകൾ വിപുലീകരിക്കുന്നത് പോലുള്ള ചില മാതൃകകൾ ഇന്ത്യൻ ഗവൺമെന്റ് ലോകത്തിന് മുന്നിൽ വയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

