കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്; ക്ഷേത്രങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ

കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഭീകരർ ലക്ഷ്യമിട്ടത് രാജ്യത്ത് ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ ഭീകരാക്രമാണ് കോയമ്പത്തൂരിൽ നടന്നതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ദീപാവലി ആഘോഷങ്ങൾക്കായി ആളുകൾ കൂട്ടമായി ഒത്തുകൂടുന്ന ക്ഷേത്രങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചാവേറാക്രമണത്തിൽ മുന്നിട്ടിറങ്ങിയവർ വിവിധ സ്ഫോടക വസ്തുക്കളെ കുറിച്ചും പഠനം നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, ഡിറ്റർജന്റുകൾ എന്നിവ ഉപയോഗിച്ച് ചില സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുകയും ചെയ്തു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ജമേഷ മുബിന്റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തിരുന്നു.

എൻജിനിയറിംഗ് ബിരുദമുള്ള ഇയാൾ പൊട്ടിത്തെറിക്കുന്നതിന് മുൻപായി ഫോണിൽ ‘എന്റെ മരണവാർത്ത നിങ്ങളിലേക്ക് എത്തിയാൽ, എന്റെ തെറ്റുകൾ ക്ഷമിക്കുക, എന്റെ കുറവുകൾ മറയ്ക്കുക, എനിക്ക് വേണ്ടി പ്രാർത്ഥിക്കുക’ എന്ന് എഴുതിയിരുന്നു. ഇത് ചാവേർ ആക്രമണത്തിന്റെ സൂചനകളാണ് നൽകുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.