ഹോട്ടലുകളിൽ പരിശോധന; മത്സ്യവും ഇറച്ചിയും ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കൻ, കരിമീൻ തുടങ്ങിയ ഭക്ഷ വിഭവങ്ങൾ ഉൾപ്പെടെയാണ് നശിപ്പിച്ചത്.

സനാതനപുരം വാർഡിലെ അരമന ഹോട്ടലിൽ നിന്നും പഴകിയ മുട്ട പുഴുങ്ങിയത് 30 എണ്ണം, 2 കിലോഗ്രാം വീതം കക്കായിറച്ചി കറിവച്ചത്, കൊഞ്ച് വേവിച്ചത്, 4 കിലോഗ്രാം ന്യൂഡിൽസ്, ബിരിയാണി, ചിക്കൻ ഫ്രൈ, അരിപ്പത്തിരി 75 എണ്ണം, അൽഫാം ചിക്കൻ 5 കിലോ, ഒരു കിലോഗ്രാം വീതം മുട്ട ഗ്രേവി, ചിക്കൻ 65, ഗോപി മഞ്ചൂരി, നെമ്മീൻ, 2 കിലോഗ്രാം കരിമീൻ, വരാൽ എന്നിവയും കളർകോട് വാർഡിലെ സാഫ്റോൺ ഹോട്ടലിൽ നിന്നും പഴകിയ അൽഫാം ചിക്കൻ 5 കിലോഗ്രാം, ചിക്കൻ കറി, ബീഫ് കറി, ചിക്കൻ ഫ്രൈ എന്നിവയും, കൈതവന വാർഡിലെ ബ്രൈറ്റ് ഹോട്ടലിൽ നിന്നും ബിരിയാണി റൈസ്, അവിയൽ, മോരുകറി തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്.

ഹോട്ടലിലെ ടോയ്ലറ്റ് വൃത്തിഹീനമാണെന്നും പരിസരത്ത് ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.