ഇന്ന് കേരളപ്പിറവി; കേരളം രൂപീകൃതമായിട്ട് 66 വർഷം

ഇന്ന് കേരളപ്പിറവി. സംസ്ഥാനം ഇന്ന് 66 -ാം വയസിലേക്ക് കടക്കുകയാണ്. 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്.

1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956-ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കൊവിഡ്, നിപ, പ്രളയം തുടങ്ങിയ പ്രതിസന്ധികൾക്ക് ശേഷമാണ് വീണ്ടുമൊരു കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും തനിമയുമെല്ലാം ഉയർത്തിക്കാട്ടുന്ന ദിനമാണ് കേരളപ്പിറവി.