ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. കേരള പ്രവാസി അസോസിയേഷനാണ് വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, മൃഗസംരക്ഷണ മന്ത്രാലയത്തിനുമാണ് ജസ്റ്റിസ് അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് നൽകിയത്.
അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധ ഏറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇൻട്രാ ഡെർമൽ റാബിസ് വാക്സിനുകളുടെ (ഐ.ഡി.ആർ വി) ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രകാരം, മനുഷ്യർക്കുള്ള റാബിസ് വാക്സിൻ നിർമ്മാണം, സങ്കീർണ്ണമായ ഒരു പ്രക്രിയയായതിനാൽ, നിർമ്മാണത്തിനും പരിശോധനയ്ക്കും കുറഞ്ഞത് മൂന്ന് മുതൽ നാല് മാസം വരെ ആവശ്യമാണ്. പക്ഷെ വാക്സിൻ നിർമിച്ച് 14 ദിവസത്തിനകം കേരളത്തിൽ എത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഹർജിക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് 2019 ലെ റാബിസ് പ്രതിരോധം നടപ്പിലാക്കാൻ വ്യാപക പ്രചാരണം നടത്തുന്നതിന് നിർദ്ദേശം നൽകണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

