രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന; മത്സ്യബന്ധന ട്രോളറുകളും കസ്റ്റഡിയിലെടുത്തു

രാമേശ്വരം: രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. തൊഴിലാളികളുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രിയാണ് മീൻ പിടിക്കാനായി 400 ട്രോളറുകൾ കടലിലേക്ക് പോയത്. അതേസമയം, വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കൻ നാവികസേന വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.