സാന്ഫ്രാന്സിസ്കോ: ഫേസ്ബുക്ക് മാതൃകമ്ബനിയായ മെറ്റ ജീവനക്കാരെ വന്തോതില് പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ പാദ റിപ്പോര്ട്ടില് തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില് നിന്നും ഏതാണ്ട് 67 ബില്ല്യണ് ഡോളറാണ് നഷ്ടമായത്. ഈ വര്ഷം മാത്രം അര ട്രില്ല്യണ് ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്.
ആഗോള സാമ്ബത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളര്ച്ചയും മെറ്റയെ തളര്ത്തി. ആപ്പിള് തങ്ങളുടെ പ്രൈവസി നയത്തില് വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, മെറ്റവേര്സില് വലിയതോതില് നടത്തിയ നിക്ഷേപങ്ങള് ഇതുവരെ മെറ്റയ്ക്ക് കാര്യമായ ഗുണമൊന്നും നല്കിയിട്ടില്ല. ഭാവിയെ കണ്ടുള്ള നിക്ഷേപമാണ് ഇതെന്നും, അടുത്ത ഒരു ദശകത്തില് മാത്രമേ അതിന്റെ ഗുണം പൂര്ണ്ണമായും ഉണ്ടാകൂ എന്നാണ് മെറ്റ സിഇഒ മാര്ക്ക് സക്കര്ബര്ഗ് തന്നെ പറയുന്നത്. അതിനാല് തന്നെ മറ്റ് വഴികളില് കൂടി ചെലവ് ചുരുക്കാന് ആലോചിക്കുകയാണ് മെറ്റ. ചില അനാവശ്യ പ്രൊജക്ടുകള് പൂട്ടുക. ആളുകളെ എടുക്കുന്നത് താല്കാലികമായി നിര്ത്തുക തുടങ്ങിയ കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രൊജക്ടുകള് അവസാനിപ്പിക്കാന് മെറ്റ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുബന്ധമായി തന്നെയാണ് പിരിച്ചുവിടലും എന്നാണ് റിപ്പോര്ട്ട്.

