ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിയ്ക്ക് തിരിച്ചടി. നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹർജിയാണ് ബ്രിട്ടീഷ് കോടതി തള്ളിയത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് നീരവ് മോദി.
ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്നാണ് ബ്രിട്ടീഷ് കോടതിയുടെ വിലയിരുത്തൽ. കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ബാധ്യതകൾ യുകെ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിക്ക് മതിയായ വൈദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ സംശയിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. തെക്ക്-കിഴക്കൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ് നീരവ് മോദി തടവിൽ കഴിയുന്നത്.
അതേസമയം, നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കൈമാറുന്നതോടെ അത് കൂടുതൽ വഷളാകുമെന്നും നീരവ് മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും ഹർജിയിൽ നീരവ് മോദി ആരോപിച്ചിരുന്നു.

