Highlights (Page 73)

റിഷബ് ഷെട്ടിയുടെ കാന്താര കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തത്. വരാഹ രൂപം ഇല്ലാത്തതിനാല്‍ പലരും അതില്‍ തൃപ്തരായില്ല. കേരള ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി തേടുകയും അവരുടെ രചന നവരസത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന് അവകാശപ്പെടുകയും ചെയ്തതിനാലാണ് ഗാനം നീക്കം ചെയ്തത്.

അതേസമയം, ഇതിന്റെ ഉപയോഗത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, കോഴിക്കോട് ജില്ലാ കോടതി ഈ ഹര്‍ജി തള്ളുകയും വിലക്ക് നീക്കുകയും ചെയ്തു. ഇതോടെ വരാഹ രൂപം ഇപ്പോള്‍ കാന്താരയില്‍ തിരിച്ചെത്തി.

തൈക്കുടം ബ്രിഡ്ജില്‍ നിന്നുള്ള പരാതിയെ തുടര്‍ന്ന് കാന്താരയില്‍ നിന്ന് നീക്കം ചെയ്ത വരാഹ രൂപം ഗാനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കേരള കോടതിയുടെ വിലക്ക് നീക്കിയതിനാല്‍ വീണ്ടും വരുന്നു. അതായത് സിനിമ കാണുമ്‌ബോള്‍ തന്നെ ആരാധകര്‍ക്ക് അത് ആസ്വദിക്കാം. വരാഹ രൂപം കാന്താരത്തിന്റെ അവിഭാജ്യ ഘടകമാണ്. സിനിമയുടെ ‘ആത്മാവ്’ എന്ന് വരെ പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.

ചലച്ചിത്രതാരം കൊച്ചു പ്രേമൻറെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടെയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമനെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിൽ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി. ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമൻ തന്റേതായ ശൈലിയിൽ പ്രേക്ഷകരിലേക്ക് ഉറപ്പിച്ചു നിർത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാർത്ഥ്യം വേദനയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പ്രശസ്ത സിനിമ- സീരിയൽ താരം കൊച്ചുപ്രേമന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി എം വി ഗോവിന്ദൻ പറഞ്ഞു. മലയാള സിനിമയിൽ എന്നെന്നും ഓർത്തു വെക്കാവുന്ന ഒരു പിടി ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. വിദ്യാർത്ഥിയായിരിക്കെ തന്നെ നാടക രംഗത്തേക്ക് കടന്നു വന്ന കൊച്ചുപ്രേമൻ കേരളത്തിലെ ഒട്ടുമിക്ക നാടക സമിതികളിലേയും സജീവ സാന്നിധ്യമായിരുന്നു. നാടക രചനയിലും കഴിവ് തെളിയിച്ച ഇദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന്റെ തീരാനഷ്ടമാണ്. കൊച്ചുപ്രേമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും കലാപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നോട്ടം, ശബ്ദ സവിശേഷത, അഭിനയമികവ് എന്നിവ കൊണ്ട് മടുപ്പ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനാണ് കൊച്ചുപ്രേമനെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഹാസ്യരംഗത്ത് തന്റെതായ ശൈലി കൊണ്ടുവന്ന് തൻമയത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അഭിനയിച്ച് പ്രതിഫലിപ്പിച്ച അതുല്യപ്രതിഭ. സൗമ്യതയോടുള്ള പെരുമാറ്റം അദ്ദേഹത്തെ വലിയ സൗഹൃദ ബന്ധത്തിന് ഉടമയാക്കി.നാടകരംഗത്തും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. മലയാള സിനിമ ഏക്കാലവും ഓർമ്മിക്കുന്ന കലാകാരനായിരിക്കും കൊച്ചുപ്രേമൻ. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ സുധാകരൻ പറഞ്ഞു.

അമരാവതി: ആന്ധ്രാപ്രദേശിൽ 1,400 ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള കർമ്മ പദ്ധതി രൂപീകരിച്ച് സർക്കാർ. തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉൾനാടൻ ഗ്രാമങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ആർഎസ്എസുമായി ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷൻ (എസ്എസ്എഫ്) എന്ന എൻജിഒയുമായി സഹകരിച്ചായിരിക്കും ക്ഷേത്രങ്ങളുടെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു വർഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ ക്ഷേത്രത്തിന്റെയും നിർമ്മാണത്തിനായി 10 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിന് എട്ട് ലക്ഷം രൂപയും വിഗ്രഹ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക. നാട്ടുകാരുടെയും ഭക്തരുടെയും പിന്തുണ സഹായവും സ്വീകരിക്കും. ക്ഷേത്ര നിർമാണം കരാറുകാരെ ഏൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികൾ നേരിട്ട് നിരീക്ഷിക്കാൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് അദ്ദേഹം മാദ്ധ്യമളോട് പ്രതികരിച്ചു.

സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ 1,060 ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കും. 330 ഓളം ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കാൻ ഹിന്ദുമത സന്നദ്ധ സംഘടന സമരസത സേവാ ഫൗണ്ടേഷൻ മുന്നോട്ട് വന്നിട്ടുണ്ട്. വെങ്കിടേശ്വര ക്ഷേത്രമാണെങ്കിൽ വിഗ്രഹങ്ങളുടെ ചെലവ് തിരുപ്പതി ക്ഷേത്രം ഏറ്റെടുക്കും. മറ്റ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ 25 ശതമാനം സബ്സിഡിയിൽ നൽകും. സർക്കാർ അനുവദിച്ച ഗ്രാന്റിനപ്പുറം കൂടുതൽ തുക സമാഹരിക്കാൻ തയാറായാൽ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ പ്രാദേശിക സംഘങ്ങളെ ഏൽപ്പിക്കുമെന്നും എൻഡോവ്മെന്റ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്ര രൂപരേഖയിൽ മാത്രമേ നിർമിക്കാൻ അനുവാദമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: 2022 ലെ പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. സാൻ ഫ്രാൻസിസ്‌കോയിൽ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽ നിന്നാണ് പിച്ചൈ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും താൻ എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ ബഹുമതിക്ക് ഞാൻ ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടും വളരെയേറെ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ രൂപപ്പെടുത്തിയ രാജ്യത്തിന്റെ ഈ ആദരം അദ്ഭുതകരമാംവണ്ണം അർഥപൂർണമാണ്. അറിവിനും പഠനത്തിനും പ്രോത്സാഹനം നൽകുന്ന ഒരു കുടുംബത്തിൽ, തന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ അവസരങ്ങൾ തനിക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പലതും ത്യജിച്ച മാതാപിതാക്കൾക്കൊപ്പം വളരാൻ തനിക്കു ഭാഗ്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ചില്ലറ ഇടപാടുകൾക്കുള്ള ഡിജിറ്റൽ രൂപ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ നാല് നഗരങ്ങളിലാണ് ആർബിഐ ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്. ഡൽഹി, മുംബൈ, ബംഗുളൂരു, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി ഡിജിറ്റൽ രൂപ അവതരിപ്പിച്ചതെന്ന് ആർബിഐ അറിയിച്ചു. ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ള രൂപയാണ് അവതരിപ്പിച്ചത്.

ഡിജിറ്റൽ രൂപയുടെ ആദ്യ ഇടപാടുകൾ നടക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് ഉള്ളിലാണ്. നിലവിൽ റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റൽ രൂപക്കുമുള്ളത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക് എന്നി വിതരണചുമതലയുള്ള ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ പുറത്തിറക്കി. ഡിജിറ്റൽ രൂപയിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം. ഇത് ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയില്ല.

തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. പദ്ധതി പൂർണമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടായിരിക്കും കൊച്ചി ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുക.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും നാവിക സേനാ കപ്പലില്‍ അറബിക്കടല്‍ യാത്ര നടത്താനൊരുങ്ങുന്നു. 11ന് നടത്തുന്ന യാത്രയില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഉണ്ടാകും.

രാവിലെ തുടങ്ങി വൈകിട്ട് മൂന്നു മണിയോടെ നേവല്‍ ബേസില്‍ മടങ്ങിയെത്തുന്ന തരത്തിലാണു പരിപാടി സംഘടിപ്പിക്കുന്നത്. നാവികസേനാ ദിനത്തിന്റെ ഭാഗമായി 3നു ദക്ഷിണ നാവിക ആസ്ഥാനത്തു നടക്കുന്ന നേവി ബാന്‍ഡ് ഷോയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും. 4നു നാവികസേനാ ദിനത്തില്‍ രാവിലെ ദക്ഷിണ നാവിക ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിക്കും.

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പിനുള്ള നടപടി ക്രമങ്ങൾ ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. എൻഡോസൾഫാൻ സെല്ലിന്റെ ചെയർമാനായ പൊതുമരാമത്ത്, വിനോദസഞ്ചാര, യുവജനക്ഷേമ വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ വീണജോർജ്ജ്, ഡോ. ആർ ബിന്ദു, അഹമ്മദ് ദേവർകോവിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക അറിയിപ്പ് നൽകി ദുരിതബാധിതരിൽ നിന്നും ലഭിക്കുന്ന അപേക്ഷ വിശദമായ പരിശോധനയ്ക്കു ശേഷം 2023 ഫെബ്രുവരിയോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗത്തിൽ ധാരണയായി.

ന്യൂറോളജി സ്പെഷ്യലിസ്റ്റ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന അഡീഷണൽ ബ്ളോക്കിന്റെ പ്രവർത്തനം മാർച്ച് മാസത്തോടെ പൂർത്തികരിക്കും. കാത്ത് ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. മൂളിയാർ റീഹാബിലിറ്റേഷൻ വില്ലേജ് ആദ്യഘട്ട പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ദുരിതബാധിതർക്കായി നിർമ്മിച്ച വീടുകളിൽ രണ്ടു മാസത്തിനകം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും മന്ത്രിമാർക്ക് പുറമേ വകുപ്പ് സെക്രട്ടറിമാർ, കാസർഗോഡ് ജില്ലാ കളക്ടർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

ന്യൂഡൽഹി: തിബറ്റൻ ബുദ്ധമത വിഭാഗങ്ങളിലെ ഏറ്റവും പഴക്കമുള്ള ഒന്നായ ന്യിംഗ്മയിലെ തലവനായ റിംപോച്ചെയുടെ പുനർജന്മമായ കുട്ടിയെ കണ്ടെത്തിയതായി അറിയിച്ച് ബുദ്ധ സന്ന്യാസിമാർ. 2015 ഡിസംബർ 24 ന് ഗയയിൽ വച്ച് അന്തരിച്ച ന്യിംഗ്മ വിഭാഗത്തിന്റെ തലവന്റെ പുനർജന്മമെന്ന് വിശ്വസിക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. സ്പിതി താഴ്‌വരയിലെ വിദൂര ഗ്രാമമായ റാങ്ഗ്രിക്കിൽ നിന്നുള്ള നവാങ് താഷി റാപ്ടെനാണ് റിംപോച്ചെയുടെ പുനർ ജന്മമെന്ന് ബുദ്ധ സന്ന്യാസിമാർ പറയുന്നു. റിംപോച്ചെയുടെ പുനർജന്മത്തെ തേടിയുള്ള കാത്തിരിപ്പാണ് അവസാനിച്ചതെന്ന് സന്ന്യാസിമാർ വ്യക്തമാക്കി.

തിബറ്റൻ ബുദ്ധമതാചാരപ്രകാരം ആചാര്യ പദവിയിലുള്ള സന്യാസി തുൾക്കുകൾ എന്നാണ് അറിയപ്പെടുന്നത്. ഇവർ പുനർജനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുൾക്കുമാരെ ബുദ്ധനായും പൂർണതയുള്ള സന്ന്യാസിയുമായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ സകല ജീവജാലങ്ങളുടേയും നന്മയ്ക്കായി ഇവർ വീണ്ടും വീണ്ടും പുനർജനിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

2018 ഏപ്രിൽ 18നാണ് റിംപോച്ചെയുടെ പുനർജന്മം എന്ന് വിശ്വസിക്കുന്ന വാങ് താഷി റാപ്ടെൻ ജനിക്കുന്നത്. ഭൂട്ടാനിലെ ലോദാർക്ക് ഖർച്ചുവിലെ ആശ്രമത്തിൽ നവജാത ലാമയുടെ ഔപചാരിക മത വിദ്യാഭ്യാസം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഒരു വർഷം മുൻപാണ് വാങ് താഷി റാപ്ടെനെ പുനർജാത ലാമയായി തെരഞ്ഞെടുത്തതെന്ന് കുടുംബത്തെ അറിയിക്കുന്നത്. അമ്മയെന്ന നിലയിൽ കുഞ്ഞിനെ വേർപിരിയുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ വിശ്വാസിയെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നുമാണ് വാങ് താഷി റാപ്ടെൻറെ മാതാവ് കെൽസാംഗ് ഡോൽമയുടെ പ്രതികരണം.

ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ. കെ മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്). വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ. എല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം.

അതേസമയം, മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ച സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി. ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലാണ് വെള്ളാപ്പള്ളിക്കെതിരേയും പരാമര്‍ശമുണ്ടായിരുന്നത്. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന്റെ ആത്മഹത്യ. അതിനാല്‍, മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം.

ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥീരീകരിച്ചു. കരുവാറ്റയിലും പുറക്കാടുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പുറക്കാട് താറാവുകൾ ചത്തതു പക്ഷിപ്പനി കാരണമാണെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ സ്ഥിരീകരിച്ചിരുന്നു. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയും നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒരാഴ്ചയ്ക്കിടയിൽ 200 താറാവുകളാണ് കരുവാറ്റയിൽ ചത്തത്. രുവാറ്റ കൊച്ചുപറമ്പിൽ ദേവരാജന്റേതാണ് ഇവ. 65 – 70 ദിവസം പ്രായമായ 9,300 താറാവുകൾ ദേവരാജനുണ്ട്. താറാവുകളുടെ കണ്ണുകൾക്ക് നീലനിറം ബാധിച്ചിരുന്നു. പിന്നാലെയാണ് ചത്തു തുടങ്ങിയത്. കഴിഞ്ഞ വർഷവും ദേവരാജന്റെ 11,000 താറാവുകൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്നാലേ കള്ളിങ് നടത്താൻ കഴിയൂ. ഇല്ലെങ്കിൽ നശിപ്പിക്കുന്ന താറാവുകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇതു കാരണമാണ് പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കാതിരുന്നതെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം, ആലപ്പുഴയിൽ എല്ലാ വർഷവും പക്ഷിപ്പനി ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തണമെന്ന കളക്ടറുടെ നിർദേശമനുസരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 2 ആഴ്ചയ്ക്കകം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.