ചില്ലറ ഇടപാടുകൾക്കുള്ള ഡിജിറ്റൽ രൂപ പുറത്തിറക്കി റിസർവ് ബാങ്ക്; ആദ്യഘട്ടത്തിൽ ലഭിക്കുക നാല് നഗരങ്ങളിൽ

ന്യൂഡൽഹി: ചില്ലറ ഇടപാടുകൾക്കുള്ള ഡിജിറ്റൽ രൂപ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ നാല് നഗരങ്ങളിലാണ് ആർബിഐ ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്. ഡൽഹി, മുംബൈ, ബംഗുളൂരു, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി ഡിജിറ്റൽ രൂപ അവതരിപ്പിച്ചതെന്ന് ആർബിഐ അറിയിച്ചു. ഡിജിറ്റൽ ടോക്കൺ രൂപത്തിലുള്ള രൂപയാണ് അവതരിപ്പിച്ചത്.

ഡിജിറ്റൽ രൂപയുടെ ആദ്യ ഇടപാടുകൾ നടക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് ഉള്ളിലാണ്. നിലവിൽ റിസർവ്വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റൽ രൂപക്കുമുള്ളത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക് എന്നി വിതരണചുമതലയുള്ള ബാങ്കുകൾ ഡിജിറ്റൽ വാലറ്റുകൾ പുറത്തിറക്കി. ഡിജിറ്റൽ രൂപയിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാം. ഇത് ആദ്യ ഘട്ടത്തിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയില്ല.

തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. പദ്ധതി പൂർണമായി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടായിരിക്കും കൊച്ചി ഉൾപ്പെടെ ഒമ്പത് നഗരങ്ങളിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുക.