അമരാവതി: ആന്ധ്രാപ്രദേശിൽ 1,400 ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള കർമ്മ പദ്ധതി രൂപീകരിച്ച് സർക്കാർ. തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉൾനാടൻ ഗ്രാമങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ആർഎസ്എസുമായി ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷൻ (എസ്എസ്എഫ്) എന്ന എൻജിഒയുമായി സഹകരിച്ചായിരിക്കും ക്ഷേത്രങ്ങളുടെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു വർഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ ക്ഷേത്രത്തിന്റെയും നിർമ്മാണത്തിനായി 10 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിന് എട്ട് ലക്ഷം രൂപയും വിഗ്രഹ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക. നാട്ടുകാരുടെയും ഭക്തരുടെയും പിന്തുണ സഹായവും സ്വീകരിക്കും. ക്ഷേത്ര നിർമാണം കരാറുകാരെ ഏൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികൾ നേരിട്ട് നിരീക്ഷിക്കാൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് അദ്ദേഹം മാദ്ധ്യമളോട് പ്രതികരിച്ചു.
സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ 1,060 ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കും. 330 ഓളം ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കാൻ ഹിന്ദുമത സന്നദ്ധ സംഘടന സമരസത സേവാ ഫൗണ്ടേഷൻ മുന്നോട്ട് വന്നിട്ടുണ്ട്. വെങ്കിടേശ്വര ക്ഷേത്രമാണെങ്കിൽ വിഗ്രഹങ്ങളുടെ ചെലവ് തിരുപ്പതി ക്ഷേത്രം ഏറ്റെടുക്കും. മറ്റ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ 25 ശതമാനം സബ്സിഡിയിൽ നൽകും. സർക്കാർ അനുവദിച്ച ഗ്രാന്റിനപ്പുറം കൂടുതൽ തുക സമാഹരിക്കാൻ തയാറായാൽ ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ പ്രാദേശിക സംഘങ്ങളെ ഏൽപ്പിക്കുമെന്നും എൻഡോവ്മെന്റ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്ര രൂപരേഖയിൽ മാത്രമേ നിർമിക്കാൻ അനുവാദമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

