ന്യൂഡൽഹി: തിബറ്റൻ ബുദ്ധമത വിഭാഗങ്ങളിലെ ഏറ്റവും പഴക്കമുള്ള ഒന്നായ ന്യിംഗ്മയിലെ തലവനായ റിംപോച്ചെയുടെ പുനർജന്മമായ കുട്ടിയെ കണ്ടെത്തിയതായി അറിയിച്ച് ബുദ്ധ സന്ന്യാസിമാർ. 2015 ഡിസംബർ 24 ന് ഗയയിൽ വച്ച് അന്തരിച്ച ന്യിംഗ്മ വിഭാഗത്തിന്റെ തലവന്റെ പുനർജന്മമെന്ന് വിശ്വസിക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. സ്പിതി താഴ്വരയിലെ വിദൂര ഗ്രാമമായ റാങ്ഗ്രിക്കിൽ നിന്നുള്ള നവാങ് താഷി റാപ്ടെനാണ് റിംപോച്ചെയുടെ പുനർ ജന്മമെന്ന് ബുദ്ധ സന്ന്യാസിമാർ പറയുന്നു. റിംപോച്ചെയുടെ പുനർജന്മത്തെ തേടിയുള്ള കാത്തിരിപ്പാണ് അവസാനിച്ചതെന്ന് സന്ന്യാസിമാർ വ്യക്തമാക്കി.
തിബറ്റൻ ബുദ്ധമതാചാരപ്രകാരം ആചാര്യ പദവിയിലുള്ള സന്യാസി തുൾക്കുകൾ എന്നാണ് അറിയപ്പെടുന്നത്. ഇവർ പുനർജനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുൾക്കുമാരെ ബുദ്ധനായും പൂർണതയുള്ള സന്ന്യാസിയുമായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ സകല ജീവജാലങ്ങളുടേയും നന്മയ്ക്കായി ഇവർ വീണ്ടും വീണ്ടും പുനർജനിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.
2018 ഏപ്രിൽ 18നാണ് റിംപോച്ചെയുടെ പുനർജന്മം എന്ന് വിശ്വസിക്കുന്ന വാങ് താഷി റാപ്ടെൻ ജനിക്കുന്നത്. ഭൂട്ടാനിലെ ലോദാർക്ക് ഖർച്ചുവിലെ ആശ്രമത്തിൽ നവജാത ലാമയുടെ ഔപചാരിക മത വിദ്യാഭ്യാസം തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഒരു വർഷം മുൻപാണ് വാങ് താഷി റാപ്ടെനെ പുനർജാത ലാമയായി തെരഞ്ഞെടുത്തതെന്ന് കുടുംബത്തെ അറിയിക്കുന്നത്. അമ്മയെന്ന നിലയിൽ കുഞ്ഞിനെ വേർപിരിയുന്നതിൽ വിഷമമുണ്ടെന്നും എന്നാൽ വിശ്വാസിയെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നുമാണ് വാങ് താഷി റാപ്ടെൻറെ മാതാവ് കെൽസാംഗ് ഡോൽമയുടെ പ്രതികരണം.

