Highlights (Page 74)

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദിയെ രാവണൻ എന്ന് വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെ മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

മോദി ജി പ്രധാനമന്ത്രിയാണ്. തന്റെ കർത്തവ്യം മറന്ന് അദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും, എംഎൽഎ തിരഞ്ഞെടുപ്പുകളിലും, എംപി തിരഞ്ഞെടുപ്പുകളിലുമെല്ലാം പ്രചാരണം നടത്തുന്നു. എല്ലാ സമയത്തും അദ്ദേഹം തന്നെക്കുറിച്ച് തന്നെ സംസാരിക്കുന്നു. സ്ഥാനാർത്ഥികൾ പ്രധാനമന്ത്രി മോദിയുടെ പേരിലാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയുടെ ചിത്രമാണ് കാണുന്നത്. നരേന്ദ്ര മോദിയ്ക്കെന്താ രാവണനെപ്പോലെ നൂറ് തലയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മോദി എന്താ എല്ലാവർക്കുവേണ്ടിയും ജോലി ചെയ്യാൻ വരുന്നുണ്ടോ? നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സഹായത്തിനായി മോദി വരാറുണ്ടോയെന്നും മല്ലികാർജുൻ ഖാർഗെ ചോദിക്കുന്നു. അതേസമയം, മല്ലികാർജുൻ ഖാർഗെക്കെതിരെയുള്ള പരാമർശത്തിൽ ബിജെപി രംഗത്തെത്തി. ഖാർഗെ ഗുജറാത്തിന്റെ പുത്രനെ ആവർത്തിച്ച് അപമാനിക്കുകയാണെന്നായിരുന്നു ബിജെപി വ്യക്തമാക്കിയത്.

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ മൂലമുണ്ടാകുന്ന മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം. വാക്സിൻ സ്വീകരിച്ച ശേഷം മരണം സംഭവിക്കുകയാണെങ്കിൽ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടുക മാത്രമാണ് പ്രതിവിധിയെന്നാണ് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം കോവിഡ് വാക്സിനേഷൻ സ്വീകരിച്ച് മരിച്ച രണ്ട് യുവതികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്.

മരണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കൾ ഹർജി സമർപ്പിച്ചത്. പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല ഫലങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് വേണമെന്ന ആവശ്യവും ഹർജിയിൽ രക്ഷിതാക്കൾ മുന്നോട്ടുവെച്ചിരുന്നു.

വാക്സിൻ മൂലം സംഭവിക്കുന്ന അപൂർവമായ മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തെ ബാധ്യസ്ഥരാക്കുന്നത് നിയമപരമായി സുസ്ഥിരമാകില്ലെന്നാണ് ഹർജിയിൽ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കോടതിയിൽ അറിയിച്ചത്. ഒരു വ്യക്തിക്ക് AEFI യിൽ നിന്ന് ശാരീരിക പരിക്കോ മരണമോ ഉണ്ടായാൽ, വാക്സിൻ ഗുണഭോക്താക്കൾക്ക് അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നേടാൻ സിവിൽ കോടതികളെ സമീപിക്കുന്നത് ഉൾപ്പെടെ നിയമത്തിൽ ഉചിതമായ പരിഹാരങ്ങൾ ലഭ്യമാണെന്നും മന്ത്രിലായം വിശദീകരിച്ചു.

കൊച്ചി: വിഴിഞ്ഞം സംഘർഷത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിൽ ആസൂത്രിതനീക്കം വിഴിഞ്ഞം അക്രമത്തിന് പിന്നിൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായ സംഘർഷമല്ല ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കത്തിക്കണം എന്ന് ചില പുരോഹിതർ പറയുന്ന വീഡിയോകൾ കണ്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രീതിയിലല്ല ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെ തന്നെ സാമ്പത്തിക വികസനത്തിൽ നിർണായകമാണ്. ഇതിനായി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കേരളത്തിൽ മറ്റെങ്ങുമില്ലാത്ത തരത്തിലുള്ള വാടകനിരക്കാണ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് കൈമാറി. അതിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

വളരെ കർക്കശമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോഴും സർക്കാർ തുറന്ന മനസ്സോടെയാണ് പ്രവർത്തിച്ചത്. പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിച്ചു. പൊലീസ് വളരെയധികം സംയമനം പാലിക്കുന്നുണ്ടെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

ശബരിമല: സന്നിധാനത്തു ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തത് 87474 പേര്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തത് ഇന്നാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വന്‍ തീര്‍ത്ഥാടക പ്രവാഹമായിരുന്നു ശബരിമലയില്‍ ഇത്തവണ കാണാന്‍ സാധിച്ചത്.

അതേസമയം, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52 കോടി രൂപയില്‍ കവിഞ്ഞു. അപ്പം അരവണ വില്‍പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനം വഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഭക്തര്‍ സന്നിധാനത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ആദ്യ പത്ത് ദിനത്തില്‍ അപ്പം അരവണ വില്‍പന വഴി 26 കോടി രൂപ കിട്ടി. കാണിക്കയായി പന്ത്രണ്ട് കോടിയും ലഭിച്ചു. തീര്‍ഥാടകരുടെ മുറിവാടക ഇനത്തില്‍ 48 ലക്ഷം രൂപയാണ് വരുമാനം. അഭിഷേകത്തില്‍ നിന്ന് 31 ലക്ഷവും ലഭിച്ചു. ആകെ 52 കോടി.

എന്നാല്‍, കഴിഞ്ഞ വര്‍ഷം 9.92 കോടി രൂപയായിരുന്നു വരുമാനം. വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും ഉത്സനടത്തിപ്പിനാണ് ചെലവാകുന്നത്. ദിവസം ശരാശരി രണ്ടര ലക്ഷം അരവണയാണ് സന്നിധാനത്ത് വില്‍ക്കുന്നത്. 51 ലക്ഷം കണ്ടെയ്‌നര്‍ അരവണ സ്റ്റോക്കുണ്ട്. ദര്‍ശനം പൂര്‍ണമായും ബുക്കിംഗ് വഴി ആണ് നടക്കുന്നത്. ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേര്‍ ദര്‍ശനം നടത്തി മടങ്ങി.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മദ്യനിരോധനം പ്രഖ്യാപിച്ചു. തുറമുഖ വിരുദ്ധസമരക്കാരുടെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് വിഴിഞ്ഞത്ത് മദ്യ നിരോധനം പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിൽ വരുന്ന മദ്യവിൽപ്പന ശാലകൾ നവംബർ 28 മുതൽ ഡിസംബർ നാല് വരെ തുറന്ന് പ്രവർത്തിക്കില്ലെന്നാണ് കളക്ടറുടെ ഉത്തരവ്.

പ്രതിഷേധം സംഘർഷാവസ്ഥയിലേയക്ക് കടന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കളക്ടർ വ്യക്തമാക്കി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസം സമരക്കാർ അടിച്ചു തകർത്തിരുന്നു. സംഘർഷത്തിൽ 35 ലേറെ പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും ആക്രമണം നടന്നു. സംഘർഷത്തിൽ എസ് ഐ ലിജോ പി മണിയ്ക്ക് കാലിൽ ഗുരുതമായ പരിക്കേറ്റു. സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തിയിരുന്നു.

അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്‌ഐആർ കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്.

ന്യൂഡല്‍ഹി: ജി 20 അധ്യക്ഷപദം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയം. ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നതായി നിരവധിപ്പേര്‍ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതില്‍ ഐഎസ്ആര്‍ഒക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടം അയല്‍രാജ്യങ്ങളുമായും പങ്കിടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം വിക്ഷേപിച്ചു. .ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് ആകാശം ഒരു പരിധിയല്ല. വലിയ ചിന്തകളിലൂടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കൂ…’- പ്രധാനമന്ത്രി പറഞ്ഞു.

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി ടി ഉഷ. അത്‌ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണ തനിക്കുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പി ടി ഉഷ ഇക്കാര്യം അറിയിച്ചത്. നിലവിൽ രാജ്യസഭ എംപിയാണ് പി ടി ഉഷ.

സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പി ടി ഉഷയെ ബിജെപി എംപിയായി നിയോഗിച്ചത്. രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാർശ ചെയ്തത്. കായിക താരം എന്ന നിലയിലായിരുന്നു രാഷ്ട്രപതിയുടെ ശുപാർശ.

പി ടി ഉഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

With the warm support of my Fellow Athletes and National Federations I am humbled and honoured to accept and file for the Nomination of the President Of IOA!

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി. അഡീഷണല്‍ സെക്രട്ടറിമാരായ പി ഹണി, ഷൈനി, സെക്ഷന്‍ ഓഫീസര്‍മാരായ ജി. ശിവകുമാര്‍, ഇ. നാസര്‍, കെ. എന്‍ അശോക് കുമാര്‍, ഐ. കവിത, ഓഫീസ് അറ്റന്‍ഡന്റ് കല്ലുവിള അജിത് എന്നിവര്‍ക്കെതിരെയാണ് പരാതി.

അതേസമയം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പ് ബിജെപി നേതാക്കള്‍ ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവന്റെ ചോദ്യം. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ചീഫ് സെക്രട്ടറി വി പി ജോയ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാര്‍ ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കു നല്‍കും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും.

നവംബര്‍ 15ന് നടന്ന സമരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പേരും അവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി. വി രാജേഷ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍, രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ‘എന്റെ ശ്രദ്ധ അതിലും വലിയ വിഷയമായ സര്‍വകലാശാലകളുടെ കാര്യത്തിലാണ്. മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും അനധികൃത ഇടപെടല്‍ തുടര്‍ന്നപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. കോടതി ഉത്തരവുകളുടെ വെളിച്ചത്തില്‍ സര്‍വകലാശാലകളെ രക്ഷിക്കാനാകുമെന്ന പ്രത്യാശയുണ്ട്. നിയമസഭ പാസാക്കിയ നിയമപ്രകാരം ചാന്‍സലറായ ഗവര്‍ണര്‍ക്കാണ് സര്‍വകലാശാലകളില്‍ അധികാരം. ലക്ഷ്മണരേഖ പാലിക്കാന്‍ എല്ലാവരും തയാറാകണം’- ഗവര്‍ണര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയർസെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25 നും തുടങ്ങും.

പരീക്ഷകൾ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്ക്ക് ശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകൾക്കിടയിൽ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്എസ്എൽസി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പൊതുപരീക്ഷ എഴുതുക. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 10 നുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകർ മൂല്യനിർണയം നടത്തും.

ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27 ന് തുടങ്ങി മാർച്ച് 3 ന് അവസാനിക്കും. ആകെ ഒൻപത് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് ഇത്തവണ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാർഥികളും പരീക്ഷയെഴുതും. രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങി മെയ് 25 നുള്ളിൽ ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയിൽ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിർണയം നടത്തും.

പരീക്ഷക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയിൽ പൂർത്തിയാക്കിയതിന്റെ തെളിവാണ് നേരത്തെ തന്നെ പരീക്ഷാ തീയ്യതികൾ പ്രഖ്യാപിക്കാനായതെന്നു മന്ത്രി പറഞ്ഞു.

കോവിഡ് മൂലം മുടങ്ങിയ ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള പുതിയ രീതിയിലുള്ള പരിശീലന പരിപാടി ഡിസംബറിൽ തുടങ്ങും. ഒരു മാസം നീളുന്ന റസിഡൻഷ്യൽ പരിശീലനം ഗവേഷണ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലാ വകുപ്പുകൾ എന്നിവിടങ്ങളിൽ ആയിരിക്കും.

ബോഡി ഷേമിങ്ങിനെതിരെ സ്‌കൂളുകളിൽ ബോധവൽക്കരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബോഡി ഷേമിങ്ങ് ഭയന്ന് സ്‌കൂളിലേക്ക് വരാൻ മടിക്കുന്ന വിദ്യാർഥികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും.

എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം പദ്ധതി ജനുവരി 10 നുള്ളിൽ യാഥാർഥ്യമാക്കണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും പി.ടി.എ, മദർ പി.ടി.എ കമ്മിറ്റികൾ നിലവിൽ വരണം. ചില സ്‌കൂളുകളിലെങ്കിലും പഴയ കമ്മിറ്റികളാണ് തുടരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും പങ്കെടുത്തു.

ലോകത്ത് അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് കാലത്ത് അഞ്ചാംപനിയുടെ വാക്‌സിന്‍ കുത്തിവെപ്പ് കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേരളം, ഗുജറാത്ത്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാനായി മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എ്ന്നിവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിരുന്നു. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗമാണ് അഞ്ചാംപനി. കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. രോഗബാധിതരുടെ ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്ന രോഗമാണ് ഇത്. വായയിലെയോ മൂക്കിലെയോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പകരാം.