ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ. കെ മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്). വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ. എല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം.
അതേസമയം, മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ച സാഹചര്യത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
2020 ജൂണ്‍ 24-നാണ് കണിച്ചുകുളങ്ങരയിലെ എസ്.എന്‍.ഡി.പി. ഓഫീസില്‍ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച നിലയില്‍ മഹേശന്റെ ആത്മഹത്യാക്കുറിപ്പുകളും കണ്ടെടുത്തിരുന്നു. ഈ കുറിപ്പിലാണ് വെള്ളാപ്പള്ളിക്കെതിരേയും പരാമര്‍ശമുണ്ടായിരുന്നത്. മൈക്രോ ഫിനാന്‍സ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് ഹാജരായതിന്റെ അടുത്തദിവസമായിരുന്നു മഹേശന്റെ ആത്മഹത്യ. അതിനാല്‍, മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം.

