ഓൾ ഇന്ത്യ റേഡിയോയിൽ അവതാരകനായി പ്രവർത്തിച്ചിരുന്നു; ചെറുപ്പക്കാലം മുതലുള്ള തന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

പനാജി: തന്റെ ചെറുപ്പക്കാലം മുതലുള്ള തന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചെറുപ്പം മുതലേ സംഗീതത്തോടുള്ള ഇഷ്ടം ഇപ്പോഴും തുടരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോവയിൽ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി പാർട്ട് ടൈം ജോലി ചെയ്ത സംഭവവും അദ്ദേഹം ഓർത്തെടുത്തു.

തന്നെ കുറിച്ച് അധികമാരും അറിയാത്ത സംഭവത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ ഇരുപതുകളിൽ ഓൾ ഇന്ത്യ റേഡിയോയിൽ താൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പ്ലേ ഇറ്റ് കൂൾ, എ ഡേറ്റ് വിത്ത് യു, സൺഡേ റിക്വസ്റ്റ്സ് തുടങ്ങിയ പരിപാടികളുടെ അവതാരകനായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകനായ ശേഷം വീണ്ടും സംഗീതത്തിലേക്ക് താൻ തിരികെ പോയി. ഇപ്പോഴും എല്ലാ ദിവസവും സംഗീതം കേൾക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.