കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ് ലഭിച്ചു. കണ്ണൂർ സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ എ സാബു, ഐ.ടി. വിഭാഗം തലവൻ സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ വിദ്യാർത്ഥിക്ഷേമങ്ങൾക്കായി സർവകലാശാല നടപ്പാക്കിയ വിവിധ പദ്ധതികളടങ്ങിയ കെ യു കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്‌കാരം.
കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് അവരുടെ സർവകലാശാലാ സംബന്ധമായ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഓൺലൈൻ ചോദ്യ ബാങ്കാണ് കെ യു കണക്ടിന്റെ പ്രധാന ആകർഷകത. പൂർണ്ണ സുരക്ഷയാണ് ഈ ചോദ്യബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ ചോദ്യബാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ ഒരുകോടി രൂപ വരെയാണ് സർവകലാശാലയ്ക്ക് ലഭിക്കുന്ന ലാഭം. സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം, ദ്രുതഗതിയിൽ പരീക്ഷാഫല പ്രസിദ്ധീകരണം സാധ്യമാക്കുന്ന കെ.യു.മാർക്ക് ആപ്പ് എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ഘടകങ്ങൾ.

