ഏറ്റവും പതുക്കെ വളരുന്ന സംസ്ഥാനമായി കേരളം; റിപ്പോര്‍ട്ട്‌

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വളരുന്ന സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിന്റെ കാര്യത്തില്‍ വെറും 3 ശതമാനമാണ് വളര്‍ച്ചാ നിരക്ക്.

അതേസമയം, കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിന്റെ ആകെയുള്ള ആഭ്യന്തര ഉല്‍പ്പാദനം 8.2 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്. 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.16 ലക്ഷം കോടി രൂപയായിരുന്നത് 2021 സാമ്പത്തിക വര്‍ഷത്തില്‍ 12.48 ലക്ഷം കോടി രൂപയായി വളര്‍ന്നു. 18.89 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപിയുള്ള മഹാരാഷ്ട്രയ്ക്ക് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം കൂടിയാണ് ഗുജറാത്ത് എന്നാണ് ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, 7.3 ശതമാനം വളര്‍ച്ച നിരക്കാണ് കര്‍ണാടകത്തിനുള്ളത്. 2012 സാമ്പത്തിക വര്‍ഷം 6.06 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 11.44 ലക്ഷം കോടി രൂപയായി കര്‍ണാടക വളര്‍ന്നു. നാലാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥ കൂടിയാണ് കര്‍ണാടക. 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.36 ലക്ഷം കോടി ജിഎസ്ഡിപിയുമായി ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്. 2012 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2.97 ലക്ഷം കോടി രൂപയായിരുന്നു. അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സംസ്ഥാന ജിഡിപി 2012 സാമ്പത്തിക വര്‍ഷത്തില്‍ 3.16 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.65 ലക്ഷം കോടി രൂപയായി വികസിച്ചു. മധ്യപ്രദേശിന് തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് 6.5 ശതമാനം വാര്‍ഷിക ജിഎസ്ഡിപി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി, 2012 സാമ്പത്തിക വര്‍ഷത്തിലെ 3.79 ലക്ഷം കോടി രൂപയില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 6.70 ലക്ഷം കോടി രൂപയിലെത്തി. 3.9 ശതമാനം വളര്‍ച്ചാ നിരക്കുള്ള കേരളം, ജമ്മു & കശ്മീര്‍ 4.1 ശതമാനം, 4.2 ശതമാനം സിഎജിആര്‍ ഉള്ള ജാര്‍ഖണ്ഡ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന സംസ്ഥാനങ്ങള്‍.