ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമദിനം; 25 നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

കോട്ടയം: പുതുപ്പള്ളിയിൽ ഇരുപത്തിയഞ്ച് നിർധന കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം വീടൊരുക്കി നൽകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമദിനത്തിലാണ് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി നൽകുന്നത്. ഒരേ ദിവസമാണ് ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം പൂർത്തിയായത്. വാകത്താനം മുതൽ പാമ്പാടി വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമ ദിനം ജൂലൈ 18നാണ്.

ഉമ്മൻ ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴിൽ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിർമ്മാണം. അന്ന് നിർമ്മാണം പൂർത്തിയാക്കി വീടുകളുടെ താക്കോൽ കൈമാറുമെന്ന് എംഎൽഎയായ ചാണ്ടി ഉമ്മനും അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന ഇരുപത്തിയഞ്ച് വീടുകൾക്കു പുറമേ ആശ്രയ ട്രസ്റ്റ് സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിർമ്മാണവും നടത്തുന്നുണ്ട്.