ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികൾ പരീക്ഷ പേടിയെ മനഃശ്ശക്തികൊണ്ട് മറികടക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പിൽ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പരീക്ഷയുടെ സമ്മർദ്ദമില്ലാതാക്കി വിദ്യാർത്ഥികൾക്ക് മനക്കരുത്തുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചർച്ച. സഹവിദ്യാർത്ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാൽ രക്ഷകർത്താക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാനസിക സമ്മർദം വർധിക്കുന്നതിനൊപ്പം അതിനെ മറികടക്കാൻ വ്യക്തി ഒരുങ്ങിയിരിക്കണമെന്നും അതിനുവേണ്ടി മുൻകൂറായിത്തന്നെ തയ്യാറാകണം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്ക്രീൻ ടൈം കുറയ്ക്കണം. സംതുലിതമായ ജീവിതശൈലി പുലർത്തണമെങ്കിൽ, ഒരു കാര്യത്തിലും അമിതമായി ഒന്നും ചെയ്യരുത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ഒരു ശരീരം ആവശ്യമാണ്. അതിന് കുറച്ച് ചിട്ടകളൊക്കെ വേണം. സൂര്യപ്രകാശം അടിക്കണം, സ്ഥിരമായും പൂർണമായുമുള്ള ഉറക്കം വേണം. സ്ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും. കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട്. ഉറക്കം എണീക്കുമ്പോൾ പൂർണമായും ഉണർന്നിരിക്കും. ഉറങ്ങുമ്പോൾ പൂർണമായും ഉറങ്ങിയിരിക്കും. അങ്ങനെയൊരു ചിട്ട വളർത്തിയെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

