Highlights (Page 7)

തിരുവനന്തപുരം: കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പുതുതായി ആകർഷിച്ചുവെന്ന എം എസ് എം ഇ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ട് ഈ നാടിന്റെ കുതിപ്പ് വ്യക്തമാക്കുകയാണെന്ന് മന്ത്രി പി രാജീവ്. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം 33815 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയതായും അഞ്ച് ലക്ഷം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭ്യമാക്കിയെന്നും കോൺഫഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആന്റ് മാർക്കറ്റിങ്ങ് ഏജൻസിയുമായി ചേർന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

‘കേരള നിക്ഷേപം – വളർച്ച, വികസനം – 2018 മുതൽ 23 വരെ’ എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് കേരളം കഴിഞ്ഞ വർഷം കൈവരിച്ച മാനുഫാക്ചറിങ്ങ് മേഖലയിലെ വളർച്ചയെ പ്രശംസിക്കുന്നുണ്ട്. 18.9% വളർച്ചയോടെ ദേശീയ ശരാശരിക്കു മുകളിൽ കേരളം നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം 2021-22ൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ച നിരക്ക് 17.3% ആണെന്നും റിപ്പോർട്ട് പറയുന്നു. ഈ വളർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 12% ആക്കുന്നതിൽ മികച്ച പങ്ക് വഹിച്ചുവെന്നതും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംരംഭക വർഷം പദ്ധതിയും സ്വകാര്യമേഖലയിൽ നിക്ഷേപങ്ങളാകർഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിശ്രമങ്ങളും വരും വർഷങ്ങളിലും കേരളത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇതാണ് തങ്ങൾ കൊണ്ടുവരുന്ന മാറ്റം. ഈ നാട് വളരുകയാണ്. വ്യവസായ മേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണെന്നും മന്ത്രി അറിയിച്ചു.

തൃശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കുചേർന്ന് വൻ താരനിര. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കുചേർന്നു. മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് വിവാഹ ചടങ്ങിന് എത്തിയത്. നടൻമാരായ ജയറാം, ബിജു മേനോൻ, ദിലീപ്, നടിമാരായ ഖുശ്ബു, കാവ്യാ മാധവൻ, പാർവതി, രചന നാരായണൻ കുട്ടി, സരയു, സംവിധായകരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.

ഓറഞ്ച് സാരി ധരിച്ച് സിംപിൾ ലുക്കിലാണ് ഭാഗ്യ വിവാഹ വേദിയിലെത്തിയത്. അധികം ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. തലയിൽ മുല്ലപ്പൂവും ചൂടിയിരുന്നു. വരൻ ശ്രേയസ് മോഹന്റെ വിവാഹ വേഷം കസവുമുണ്ടും മേൽമുണ്ടുമായിരുന്നു. സുരേഷ് ഗോപിയുടെ വേഷം ഇളം പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ധരിച്ചത് ചുവപ്പ് നിറത്തിലുള്ള സാരിയായിരുന്നു.

പ്രധാനമന്ത്രിയാണ് താലി കെട്ടിയതിന് ശേഷം ഭാഗ്യയ്ക്കും ശ്രേയസിനും വരണമാല്യം എടുത്തു നൽകിയത്. ഇരുവരും മോദിയുടെ കാലിൽതൊട്ട് അനുഗ്രഹവും വാങ്ങി. പിന്നീട് സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് സ്വർണത്തളിക സമ്മാനമായി നൽകി. ജനുവരി 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹ വിരുന്ന് നടത്തും. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി നേതാവ് സുരേഷ് ഗോപിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ മണിപ്പൂരിൽ തകർക്കുമ്പോൾ ഒരു കിരീടം കൊടുത്താലൊന്നും ക്രൈസ്തവരുടെ മനസ് മാറുമെന്ന് കരുതരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കിരീടം കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്തിനാണ് പബ്ലിസിറ്റി നൽകുന്നത്. രാഷട്രീയമുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. അയോധ്യ വിഷയം വോട്ടുകിട്ടാനുള്ള തന്ത്രമാണ്. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. കേരളത്തിലേക്കുള്ള മോദിയുടെ വരവ് ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടാക്കില്ല. മോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും കാര്യമില്ല. അദ്ദേഹം ജനങ്ങൾക്ക് ടാറ്റ നൽകും ജനങ്ങൾ തിരിച്ചും ടാറ്റ നൽകും. എന്നാൽ ജനങ്ങൾ വോട്ട് നൽകുക യു.ഡി.എഫിന് ആയിരിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പി. രാജീവിന് എതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സത്യവാങ്മൂലം ഗൗരവമുള്ളതാണ്. എന്നാൽ ഇഡി എവിടെവരെ പോകുമെന്ന കാര്യത്തിൽ സംശയമുണ്ട്. അപകടംപിടിച്ച കളിയാണ് കരുവന്നൂരിൽ സിപിഎം കളിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ഇതരനേതാക്കളെയും മന്ത്രിമാരേയും അകത്താക്കുന്ന ഇഡി, കേരളത്തിൽ ബി.ജെ.പിക്ക് വേണ്ടി അന്തർധാര ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന വിശ്വസം ഇപ്പോഴുമുണ്ടെന്നും കെ മുരളീധരൻ വിശദമാക്കി.

തിരുവനന്തപുരം: ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള സമരങ്ങൾക്കും ബോധവത്കരണത്തിനുംവേണ്ട അധികാരം ഭരണഘടന ഓരോ ഇന്ത്യൻ പൗരനും നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നതാണ് യഥാർഥ രാജ്യസ്നേഹികൾ ചെയ്യേണ്ടത്. ശാസ്ത്രബുദ്ധി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു ഭരണഘടനയുടെ 51-ാം വകുപ്പ് പറയുന്നത്. എന്നാൽ ആ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരിൽ ചിലർതന്നെ ശാസ്ത്രബുദ്ധി തകർക്കുന്ന യുക്തിരഹിതമായ പ്രസ്ഥാവനകൾ നടത്തുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽവരുത്തുക, അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിൽ വളർത്തുക എന്നിവയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്ര വിദ്യാഭ്യാസത്തിനു ശാസ്ത്ര ബോധവത്കരണത്തിനും യുക്തസഹമായ ആശയവിനിമയത്തിനുമുള്ള അന്താരാഷ്ട്ര ഉത്സവമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള. കേരളം 36-ാം ശാസ്ത്ര കോൺഗ്രസിനു തയാറെടുക്കുന്ന ഘട്ടത്തിലാണു ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര ബോധവത്കരണ പരിപാടിയായ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് നടക്കുമോയെന്ന് അറിയാത്ത സാഹചര്യമാണ്. അതിന് അനുവാദം ലഭിച്ചിട്ടില്ല. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തിലാണു ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രാവബോധം വളർത്തുന്നതിനുമായി കേരളം ഏറ്റെടുക്കുന്ന മുൻകൈകൾ പ്രസക്തമാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശാസ്ത്രാവബോധവും വിമർശനാത്മക ഗവേഷണവും യുക്തിചിന്തയും സമൂഹത്തിലാകെ വളർത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായി തീർന്നിരിക്കുന്ന സവിശേഷ ഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു മതേതര മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നു. മതത്തിന്റേയും ജാതിയുടേയും സമുദായത്തിന്റേയും പ്രദേശത്തിന്റെയും ഭാഷയുടേയും സംസ്‌കാരത്തിന്റേയുമൊക്കെ പേരിൽ നമ്മുടെ ഒരുമയേയും ഐക്യത്തേയും തകർക്കാനുള്ള ശ്രമം നടക്കുന്നു. ഇത്തരം നീക്കങ്ങൾ ശാസ്ത്രീയതയേയും ശാസ്ത്ര ചിന്തയേയും പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ അത്തരം ബോധപൂർവമായ ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയണം. ശാസ്ത്രബോധമുള്ളതും ശാസ്ത്രീയതയിൽ അധിഷ്ഠിതമായതുമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സ്ഥാപിതതാത്പര്യക്കാർക്കു പ്രയാസമാണ്. അതുകൊണ്ടാണു ചില അധികാര കേന്ദ്രങ്ങൾ ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാൻ ആകാവുന്നതെല്ലാം ചെയ്യുന്നത്. ഭേദചിന്താഗതികളും വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇത്തരം ശ്രമങ്ങൾ കേരളത്തിൽ വിജയിക്കാത്തതു നാം പണ്ടേതന്നെ ശാസ്ത്രബോധത്തിൽ പ്രത്യേക ശ്രദ്ധവച്ചതുകൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു സമൂഹമെന്ന നിലയിൽ നാം ഒറ്റക്കെട്ടായിനിന്നു ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. അത് അവയ്ക്കു പിന്നിലുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ഈ ശാസ്ത്ര അടിത്തറ ഇവിടെ ഉള്ളതുകൊണ്ടാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ അവബോധം വളർത്തുന്നതിനു പകരം അധികൃത തലങ്ങളിൽപ്പോലും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളാണു ചിലർ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. അധികാരസ്ഥാനത്തുള്ള ഒരു പ്രമുഖനാണു പരിണാമ സിദ്ധാന്തത്തിനെതിരേ പറഞ്ഞത്. ഭൂമി പരന്നതാണെന്നു മറ്റൊരാൾ പറഞ്ഞു. പണ്ടേ ഇവിടെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നെന്നും ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണു പശുവെന്നുമൊക്കെ ചിലർ പറയുകയുണ്ടായി. ഇങ്ങനെ, ശാസ്ത്രവിരുദ്ധമായ എന്തെല്ലാം അവകാശവാദങ്ങളാണ് ഉത്തരവാദപ്പെട്ടവർതന്നെ ഉയർത്തിയത്. ആരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണു വേണ്ടതെന്ന ഉദ്ബോധനമുയർന്ന രാജ്യമാണിത്. ശാസ്ത്രജ്ഞരല്ല മറിച്ച് ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആൾദൈവങ്ങൾ ഇപ്പോൾ ആദരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്നു ബോധപൂർവും പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ആത്യന്തിക ഫലം സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണ്. ഈ സന്നഗ്ധ ഘട്ടത്തിലാണു ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താൻ നാം പൊരുതേണ്ടതെന്നും മുഖ്യമന്ത്രി വിശദമാക്കി.

ശാസ്ത്ര സാങ്കേതിക പുരോഗതിക്കനുസരിച്ചു സാങ്കേതികവിദ്യയെ വിവേകപൂർവം സ്വാംശീകരിക്കുകയും യുക്തമായ രീതിയിൽ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയെന്നതാണു സംസ്ഥാന സർക്കാർ വച്ചുപുലർത്തുന്ന കാഴ്ചപ്പാട്. നാടിന്റെ വികസനത്തിനു ശാസ്ത്ര സാങ്കേതികവിദ്യയെ ഇത്തരത്തിൽ ഗുണപരമായി ഉപയോഗിക്കുന്നതിനൊപ്പം സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുകയെന്ന മഹത്തായ കർത്തവ്യംകൂടി നിർവഹിക്കണം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവർക്കു മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ കഴിയില്ല. ഇത്തരം അബദ്ധജഡിലതകൾ രാജ്യത്താകെ ഉത്തരവാദപ്പെട്ടവർ പ്രചരിപ്പിക്കുമ്പോൾ അവയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണവുമായി രംഗത്തുവരാനുള്ള സാമൂഹിക ഉത്തരവാദിത്തം ശാസ്ത്രവുമായി ബന്ധപ്പെട്ടവർക്കുണ്ട്. അവർ അത് ഏറ്റെടുക്കണം. ഭേദചിന്താഗതികൾക്കും അനാചാരങ്ങൾക്കും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പൊതുസമൂഹത്തിന്റെ മനസാക്ഷിയുണർത്താൻ അവർ മുൻനിരയിലുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

പൊതുസമൂഹത്തെ മുന്നിൽക്കണ്ടുള്ള പ്രവർത്തനരീതിക്കാകണം ശാസ്ത്ര സമൂഹം ഊന്നൽ നൽകേണ്ടത്. അതിനു ശാസ്ത്രത്തെ നിത്യജീവിതവുമായും രാഷ്ട്രീയവുമായും വികസനവുമായുമൊക്കെ ബന്ധപ്പെടുത്തി അവതരിപ്പിക്കാനുമാകണം. ശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം. ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടിലല്ല, സമൂഹത്തിനുവേണ്ടിയാണ്. സമൂഹത്തിന് ഉതകാത്ത ശാസ്ത്രംകൊണ്ടു കാര്യമില്ല. സമൂഹത്തിന് ഉതകുന്നിടത്താണു ശാസ്ത്രത്തിന്റെ സാഫല്യം. അറിവിന്റെ സാർവത്രിക വിതരണം അതിന് അനിവാര്യമാണ്. ജനകീയ കലകൾപോലെ സകല ജനങ്ങൾക്കും പ്രാപ്യമാകുന്ന വിധത്തിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കണം. ശാസ്ത്രത്തിന്റെ ജനകീയവത്കരണമാണ് ഈ കാലത്തിന്റെ ആവശ്യം. സംസ്ഥാന സർക്കാർ ഇത്തരത്തിൽ കാലാനുസൃതമായി ഇടപെടുകയാണ്. കൊള്ളലാഭം കൊയ്യാനുള്ള ഉപാധികളാകരുത് ശാസ്ത്രവും സാങ്കേതികവിദ്യയും. മറിച്ച് നാടിന് ഉപകാരപ്പെടുന്നതാണം. മനുഷ്യദുരിതങ്ങൾക്ക് അറുതിവരുത്താനും കൂടുതൽ സമസ്താധിഷ്ടിതമായ ലോകം കെട്ടിപ്പടുക്കാനും കഴിയണം. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽപോലുള്ള പ്രദർശനങ്ങൾക്കുള്ള സ്ഥിരം വേദി ലൈഫ് സയൻസ് പാർക്കിൽ സജ്ജമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് സയൻസ് പാർക്കിൽ ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത മുഖ്യ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, ഡോ ആർ ബിന്ദു, ജി ആർ അനിൽ, വീണാ ജോർജ്, എ എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ ബി സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയതിനാണ് പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്നാണെന്ന് ഹൈക്കോടതി ചോദിക്കുന്നു.

ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും പബ്ലിസ്റ്റിറ്റി താത്പര്യമാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം തെളിവുകൾ ഹാജരാക്കാമെന്നായിരുന്നു വി ഡി സതീശൻ അറിയിച്ചത്. റിപ്പോർട്ട് ലഭിച്ചിട്ട് കോടതിയെ സമീപിച്ചാൽ പോരായിരുന്നോയെന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് വി ജി അരുൺ ആണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.

സിഎജി യുടെ റിപ്പോർട്ട് എന്തെന്ന് കോടതി ചോദിച്ചപ്പോൾ സിഎജിയുടേത് റിപ്പോർട്ടല്ല, നിരീക്ഷണമാണെന്ന് എ ജി മറുപടി നൽകി. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടുകയും ചെയ്തു.

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പദ്ധതി ഏറ്റെടുത്തത് മുതൽ ദ്രുതഗതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങൾ ചേർന്നാണ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തുന്നത്. പുതിയ ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമർപ്പിക്കപ്പെട്ട 84 അപേക്ഷകളിൽ 25 ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആശുപത്രികൾക്ക് തുക കൈമാറിയിട്ടുണ്ട്. നിലവിൽ 112 പേർക്ക് അറ്റകുറ്റപ്പണികൾക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികൾക്കൊപ്പം പ്രോസസർ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളിൽ 117 നും സംസ്ഥാന ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂർത്തിയാക്കും. അർഹരായ എല്ലാ കുട്ടികളേയും പരിഗണിക്കാനുള്ള നടപടികൾ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. എംപാനൽ ചെയ്ത 6 സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു. നിലവിൽ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസർ അപ്ഗ്രഡേഷൻ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കമ്പനികളെ കണ്ടെത്തി കെ.എം.എസ്.സി.എൽ. മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിരുന്നു. മുൻകാലങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിലാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തിട്ടുള്ളത്. മെയിന്റനൻസ് നടപടികൾക്കായുള്ള തുക, കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങൾ വകയിരുത്തി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറുവാനാണ് സർക്കാർ നിർദേശം.

ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. അതിനാൽ തന്നെ ആശങ്ക വേണ്ട. കോക്ലിയർ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്കും ഏതെങ്കിലും ആശുപത്രിയിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

മാലിന്യ നീക്കത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കണ്ടുപിടിച് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് സര്‍ക്കാര്‍ പോളി ടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മാലിന്യ നീക്കത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിർമ്മിച്ചത്. 75 ഓട്ടോറിക്ഷകളാണ്  കോഴിക്കോട് കോര്‍പ്പറേഷന് മാലിന്യ സംസ്‌കരണത്തിനായി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് നൽകുന്നത്.

വാഹനങ്ങളെ നിർമിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച ഇന്‍ഡസ്ട്രീ ഓണ്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ്. പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികൾ വളരെ ആവേശത്തോടെ തന്നെയാണ് ഈ തൊഴിലവസരങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തൊഴിലവസരം നിരവധിയാണെന്നതിനാലും ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പഠിക്കാനുള്ള അവസരം മുന്നോട്ട് കൊണ്ട് പോവുകയാണ് ഓരോ വിദ്യാർത്ഥികളും.

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതൽ 11 ദിവസത്തെ വ്രതം അനുഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി. ജനുവരി 22 നായി എല്ലാവരും കാത്തിരിക്കുന്നു. തനിക്ക് രാജ്യത്തെ ജനങ്ങൾ ആശിർവാദം നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ഓഡിയോ സന്ദേശത്തിൽ ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം പ്രതിഷ്ഠാ ചടങ്ങിലേക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

“ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്,” അദ്ദേഹം പറഞ്ഞു. “ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവർക്കും ലോകമെമ്പാടുമുള്ള രാമഭക്തർക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്.” അദ്ദേഹം പറഞ്ഞു.

അതിനിടെ ബിജെപിയും കോൺ​ഗ്രസും തമ്മിലുള്ള വാക്പോര് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്തമാകുന്നു. കോൺ​ഗ്രസിനെതിരെ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. കോൺ​ഗ്രസിനെ രാമവിരു​ദ്ധർ എന്നാണ് ബിജെപി വിളിച്ചത്.

കുമളി: നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കിയിലാണ് സംഭവം. ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എം സക്കീർ ഹുസൈനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് പെരിയാർ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവുവാണ്. തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ശുപാർശ പരിഗണിച്ചാണ് നടപടി. ഫേയ്‌സ്ബുക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ മാത്രമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലും നവകേരള സദസിനെതിരേയും പുതുതായി നിയമിതനായ മന്ത്രിക്കെതിരേയും പരോക്ഷമായി വിമർശനം ഉന്നയിച്ചാണ് സക്കീർ ഹുസൈൻ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്കരാഹിത്യമായാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥന്റെ പെരുമാറ്റം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 1930 ലെ കേരളാ സിവിൽ സർവ്വീസ് പെരുമാറ്റചട്ടം അനുസരിച്ചാണ് സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതിരിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സഞ്ചരിക്കുന്ന ദൂരത്തെ മാത്രം അടിസ്ഥാനമാക്കി വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. മൈസൂർ-ബാംഗ്ലൂർ എക്സ്പ്രസ് വേയിൽ ആയിരിക്കും ഈ സംവിധാനം ആദ്യം എത്തുന്നത്. ഡൽഹി-ജയ്പൂർ ദേശീയ പാത 48-ൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നാണ് വിവരം.

ടോൾ പേയ്മെന്റുകളിൽ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്. ജിപിഎസ് ടോൾ സംവിധാനത്തിന്റെ ട്രയൽ റണ്ണുകൾ രാജ്യത്തെ റോഡുകളിൽ നടത്തുന്നുണ്ട്. ഈ വർഷം മാർച്ചിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചിരുന്നു.

നിലവിൽ, രാജ്യത്തുടനീളമുള്ള ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഫിസിക്കൽ ടോൾ പ്ലാസകൾ ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയിലൂടെയാണ് ടോൾ പിരിവ് നടക്കുന്നത്. പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്‌കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും. സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും.