തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമാണ് ധന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഭരണ സംവിധാനം പൂർണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. കെഎസ്ആർടിസിയും കെഎസ്ഇബിയും സപ്ലൈകോയും കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും തകർന്ന് തരിപ്പണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും. തൃശൂരിൽ സിപിഐഎം-ബിജെപി സഖ്യം വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും മറച്ചുവയ്ക്കാനാണ് കേന്ദ്ര സർക്കാരിനെതിരായ സമരം. അതിനു പിന്നാലെ പോകാൻ വേറെ ആളെ നോക്കണം. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഡൽഹിയിൽ പോയി സമരം ചെയ്താൽ അതിന്റെ പിന്നാലെ പോകാൻ വേറെ ആളെ നോക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. ധന കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. കണക്ക് നൽകിയിട്ടും കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാൻ സർക്കാർ തയാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പ്രതിപക്ഷവും യുഡിഎഫ് എംപിമാരും സർക്കാരിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികൾ മാത്രമെ പറയൂ. കോൺഗ്രസ് വിരുദ്ധതയാണ് സിപിഎം ലക്ഷ്യം. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. ഇത് രണ്ടുമാണ് കൂടിയോജിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

