കേരളത്തിലെത്തുന്ന പാലില്‍ യൂറിയ, മാള്‍റ്റോ ഡെക്‌സ്മിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം

പത്തനംതിട്ട: കേരളത്തില്‍ പ്രതിദിനം 91.4 ലക്ഷം ലിറ്റര്‍ പാലാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ആകെ ഉല്‍പാദനത്തിന്റെ 25 ശതമാനം മാത്രമാണ് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കല്ലറക്കടവ് കാര്‍ത്തികയില്‍ ബി. മനോജിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം അഞ്ചു മുതല്‍ ആറു ലക്ഷം ലിറ്റര്‍ വരെ പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം എന്നീ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് പാല്‍ കൊണ്ടു വരുന്നുണ്ട്. ഈ വഴി കടന്നു വരുന്ന പാലിന്റെ സാമ്ബിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന യൂറിയ, മാള്‍റ്റോ ഡെക്‌സ്മിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

സംസ്ഥാനത്തെ 14 ജില്ലകളിലും ഗുണനിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെട്ട് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ആലത്തൂര്‍, കാസര്‍ഗോഡ് എന്നിവടങ്ങളില്‍ മേഖലാ ലാബുകളും തിരുവനന്തപുരത്ത് സ്റ്റേറ്റ് ഡയറി ലാബും മീനാക്ഷിപുരം, ആര്യങ്കാവ്, പാറശാല എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ലാബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പാലിലെ വിഷാംശം/രാസവസ്തു സാന്നിധ്യം എന്നിവ ഇവിടെ പ്രധാനമായും പരിശോധിക്കപ്പെടുന്നുവെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.