അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന അഭയാർത്ഥികൾക്കെതിരെ നിലപാട് കടുപ്പിച്ച് ഇംഗ്ലണ്ട്; പുതിയ നിയമം ആവിഷ്ക്കരിക്കാൻ ബ്രിട്ടൺ

ലണ്ടൻ: അനധികൃത മാർഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന അഭയാർത്ഥികൾക്കെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടൺ. ഇതിനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് അധികൃതർ. ചെറുബോട്ടുകളിൽ രാജ്യത്ത് എത്തിയ ശേഷം പൗരത്വം സ്വന്തമാക്കുന്ന രീതിക്ക് അവസാനം വരുത്താനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ചെറുബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കുമെന്നും ഇത്തരക്കാർ വീണ്ടും തിരികെ എത്താതിരിക്കാനും പൗരത്വം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാതിരിക്കാനും നടപടികൾ ഉറപ്പാക്കുന്നതാണ് പുതിയ നിയമം.

നിയമത്തേക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അനധികൃത മാർഗങ്ങളിലൂടെ എത്തുന്നവർക്ക് രാജ്യത്ത് തുടരാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് നിന്ന് സ്ഥിരമായി തിരികെ അയയ്ക്കാനുമുള്ള ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിക്ക് നൽകുന്നതാണ് പുതിയ നിയമം. നിലവിൽ ബ്രിട്ടനിൽ അഭയം തേടി എത്തുന്നവര്ക്ക് സംരക്ഷണം തേടാൻ യുഎന്നിന്റെ അഭയാർത്ഥി കൺവെൻഷനും മനുഷ്യാവകാശത്തിന് വേണ്ടിയുള്ള യൂറോപ്യൻ കൺവെൻഷൻ മുഖേനയും സാധ്യമാണ്.

അതേസമയം, ബ്രിട്ടന്റെ പുതിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭയാർത്ഥി കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ നിരാലംബരാകുന്ന സാഹചര്യം നിയമം മൂലമുണ്ടാകുമെന്നാണ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്.