Highlights (Page 52)

ന്യൂഡൽഹി: മെഡിക്കൽ ബിരുദ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ പുതിയ നടപടികൾ സ്വീകരിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാർഥികൾ എം.ബി.ബി.എസ്. പഠനം ഒമ്പത് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.

ഒന്നാം അധ്യയന വർഷത്തെ എല്ലാ വിഷയങ്ങളും നാലു ശ്രമങ്ങൾക്കുള്ളിൽ വിജയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് കരട് നിർദ്ദേശത്തിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡന്റ്‌സ് അസോസിയേഷനുകൾ രൂപീകരിക്കണം. അതുവഴി വിദ്യാർഥികൾക്കും പൊതു ക്ഷേമ കാര്യങ്ങളിൽ അഭിപ്രായമറിയിക്കാൻ അവസരം ലഭിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

മികവുറ്റ വിദ്യാർഥികൾക്ക് കോഴ്‌സിനിടയിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനം മാറാൻ അവസരമുണ്ടാകുമെങ്കിലും ഒരു സർക്കാർ കോളേജിൽനിന്ന് മറ്റൊരു സർക്കാർ കോളേജിലേക്കോ ഒരു സ്വകാര്യ കോളേജിൽ നിന്ന് മറ്റൊരു സ്വകാര്യ കോളേജിലേക്കോ മാത്രമേ മാറാൻ സാധിക്കൂ. ഒമ്പത് ഓപ്ഷണൽ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതിൽ അഞ്ചെണ്ണം നിർബന്ധമായും പഠിക്കണം. ബാക്കി നാലെണ്ണം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി തുടങ്ങിയവയാണ് ചോയ്സ് വിഷയങ്ങളെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയാണ്.
അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നത് മൂലം സൂര്യാഘാതത്തിന് കാരണമാകുന്നു. പ്രായാധിക്യമുളളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മർദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം. കനത്ത ചൂടിനെത്തുടർന്ന് ശരീരത്തിൽ നിന്ന് ജലവും ലവണവും നഷ്ടപ്പെടുന്നു.
ചർമ്മം ചുവന്നു ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓർമ്മക്കേട്‌, ബോധക്ഷയം, തലവേദന, തലകറക്കം, ശരീരശോഷണം എന്നിവ സൂര്യഘാതത്തിന്റെ ലക്ഷണങ്ങളാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..


☀️ രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.

☀️ തണലുള്ള സ്ഥലത്തു നിൽക്കുക, ധാരാളം വെള്ളം കുടിക്കുക, ഫലവർഗങ്ങൾ ധാരാളം കഴിക്കുക.

☀️ അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

☀️ കഴിയുന്നതും അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്‌ത്രം ധരിക്കുക

☀️ സ്‌കൂൾ അധിക‍ൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സൂര്യാഘാതത്തിൽ നിന്ന് കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുക.

☀️ ഇരുചക്ര വാഹനത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷാ ഉറപ്പാക്കുക.

☀️ യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരണം. വെള്ളം കരുതണം

☀️ കാഠിന്യമുള്ള ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം.

☀️ ചൂട് മൂലമുള്ള ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടായാൽ ഉടനടി ഡോക്ടറുടെ സേവനം തേടുക.

കൊച്ചി: ബ്രഹ്മപുരം തീ പിടിത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കത്തയച്ചിട്ടില്ലെന്ന സോൺടാ ഇൻഫ്രാടെക്കിന്റെ ആരോപണത്തിൽ പ്രതികരണവുമായി കൊച്ചി കോർപ്പറേഷൻ മേയർ. കോർപ്പറേഷന്റെ കത്ത് വ്യാജമെന്ന സോൺട എം ഡിയുടെ ആരോപണത്തിൽ, അന്വേഷണം നടക്കട്ടെയെന്നാണ് മേയർ എം അനിൽ കുമാർ വ്യക്തമാക്കിയത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. രേഖകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും കോർപറേഷൻ അയച്ച കത്തിന്റെ പകർപ്പ് ഫയലിൽ ഉണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സോൺടയെ മനപ്പൂർവ്വമായി കുടുക്കാൻ വ്യാജ കത്ത് ഉപയോഗിക്കുകയാണെന്നായിരുന്നു സോൺടാ ഇൻഫ്രാടെക്ക് എം ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള ആരോപിച്ചത്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോർപ്പറേഷൻ ഇപ്പോൾ കത്ത് അയച്ചു. കോർപ്പറേഷൻ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കമ്പനിക്കെതിരായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ട്. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ലോസ് ആഞ്ചല്‍സ്: എസ്. എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ ഗാനമായ നാട്ടു…നാട്ടു മികച്ച ഒറിജിനല്‍ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെയും ഗുനീത് മോംഗയുടെയും ദ എലിഫന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററി ഓസ്‌കാര്‍ നേടി.

അതേസമയം. എവരിതിഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച എഡിറ്റിംഗ്, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച ഒറിജിനല്‍ തിരക്കഥ എന്നിവയുള്‍പ്പെടെ ഏഴ് അവാര്‍ഡുകള്‍ നേടിയ എമിലി ബ്ലണ്ട്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ദാന്‍, ജാനെല്ലെ മോനെ, സോ സാല്‍ഡാന, ജെന്നിഫര്‍ കോണലി, റിസ് അഹമ്മദ്, മെലിസ മക്കാര്‍ത്തി എന്നിവര്‍ക്കൊപ്പം 2023 ലെ ഓസ്‌കാറിലെ അവതാരകരില്‍ ഒരാളായിരുന്നു ദീപിക പദുക്കോണ്‍. രാത്രി വൈകിയുള്ള അവതാരകനും ഹാസ്യനടനുമായ ജിമ്മി കിമ്മല്‍ ഈ വര്‍ഷത്തെ അവാര്‍ഡ് പരിപാടിക്ക് അവതാരകനായി.

വിജയികളെ അറിയാം

മികച്ച ചിത്രം: എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച സംവിധായകന്‍: ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്, എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച നടി: മിഷേല്‍ യോ, എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച നടന്‍: ബ്രണ്ടന്‍ ഫ്രേസര്‍, ദി വേല്‍

മികച്ച സഹനടി: ജാമി ലീ കര്‍ട്ടിസ് എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച സഹനടന്‍: കെ ഹുയ് ക്വാന്‍ എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച ഒറിജിനല്‍ ഗാനം: നാട്ടു നാട്ടു – ആര്‍ആര്‍ആര്‍

മികച്ച ഒറിജിനല്‍ സ്‌കോര്‍: ഓള്‍ ക്വയറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഒറിജിനല്‍ തിരക്കഥ: എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച അവലംബിത തിരക്കഥ: വുമണ്‍ ടോക്കിംഗ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: നവാല്‍നി

മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഷയം: ദ എലിഫന്റ് വിസ്പറേഴ്‌സ്

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോച്ചിയോ

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ദി ബോയ്, ദി മോള്‍, ദി ഫോക്‌സ് ആന്‍ഡ് ദി ഹോഴ്‌സ്

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം: ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് (ജര്‍മ്മനി)

മികച്ച ഛായാഗ്രഹണം: ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ശബ്ദം: ടോപ്പ് ഗണ്‍: മാവെറിക്ക്

മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍: അവതാര്‍: ദി വേ ഓഫ് വാട്ടര്‍

മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവര്‍

മികച്ച മുടിയും മേക്കപ്പും: ദി വേല്‍

മികച്ച ഫിലിം എഡിറ്റിംഗ്: എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

തിരുവനന്തപുരം: കേരളത്തിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വന്‍ തിരക്ക്. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ റജിസ്ട്രേഷന്‍ വകുപ്പ് റെക്കോര്‍ഡ് വരുമാനം ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയാല്‍ രജിസ്ട്രേഷന്‍ തിരക്ക് കൂടുന്നതിനാലാണ് എല്ലാവരും മാര്‍ച്ചില്‍ തന്നെ ഇടപാടിന് ശ്രമിക്കുന്നത്.

4524.24 കോടിയായിരുന്നു ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യം. എന്നാല്‍, ഫെബ്രുവരി ആയപ്പോള്‍ത്തന്നെ വരുമാനം 4711.75 കോടി രൂപയിലെത്തി. 187.51 കോടി രൂപയാണ് അധികം ലഭിച്ചത്. ഏപ്രില്‍ 1 മുതല്‍ ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധനയുണ്ടാവുന്നതിനാല്‍ രജിസ്ട്രേഷന്‍ ചെലവുകള്‍ വര്‍ധിക്കാന്‍ ഇതു കാരണമാകും.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 279.87 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്.

തിരുവനന്തപുരം: രോഗനിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രികളിൽ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക air quality monitoring devices എറണാകുളം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുൻപ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കും. ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം (ari surveillance) ശക്തമാക്കുവാൻ ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വഴി സാധിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കടുത്ത വേനലാണ് ഇനി വരാനിരിക്കുന്നത്. വേനൽക്കാലത്ത് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനത്തിന് തീപിടിച്ചാൽ എന്ത് ചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. വാഹനങ്ങൾക്ക് തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യണം. ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം.

ഇത്തരം സാഹചര്യത്തിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം. ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. DCP type fire extinguisher ചില വാഹനങ്ങൾക്ക് നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലെങ്കിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് ശീലമാക്കുക. വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 46 H1N1 കേസുകളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പകർച്ചപനിയുമായി ബന്ധപ്പെട്ട കേസുകൾ നേരിയ തോതിൽ വർധിച്ചതായും മന്ത്രി അറിയിച്ചു. H3N2 കേസുകൾ ഉണ്ടെങ്കിലും വളരെ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡുതല പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് കൃത്യമായി നടത്താനും നിർദേശം നൽകി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്‌ളുവൻസ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി.

ഇൻഫ്‌ളുവൻസ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. പനിയുണ്ടായാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രത കലണ്ടർ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിർദേശം സംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കും. ശേഖരിച്ചു വയ്ക്കുന്ന വെള്ളം കൊതുകിന്റെ സ്രോതസ് ആകുന്നില്ല എന്നുറപ്പാക്കണം. ആശുപത്രികൾ മരുന്ന് ലഭ്യത ഉറപ്പ് വരുത്തണം. അവബോധം ശക്തപ്പെടുത്തണം. മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ പൂർണമായും നടപ്പിലാക്കണം. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രത നിർദേശം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

തിരുവനന്തപുരം: ആധാരങ്ങൾ മുദ്രവില കുറച്ചു രജിസ്റ്റർ ചെയ്തവർ കുടിശികത്തുക ഉടൻ അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികൾ ആരംഭിക്കും. അടുത്ത മാസം ഒന്നു മുതലാണ് റവന്യു റിക്കവറി നടപടികൾ ആരംഭിക്കുന്നത്.

ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റവന്യു റിക്കവറി നടപടി. 1986 ജനുവരി ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ആധാരങ്ങൾ വില കുറച്ചാണ് രജിസ്റ്റർ ചെയ്തതെങ്കിൽ കുടിശിക അടച്ചു മറ്റു നടപടികളിൽ നിന്ന് ഒഴിവാകാം. രജിസ്ട്രേഷൻ ഫീസ് പൂർണമായി ഒഴിവാക്കും. കുറച്ചു കാണിച്ച മുദ്രവിലയുടെ 30% അടച്ചാൽ മതി.

www.keralaregistration.gov.in/pearlpublic എന്ന വെബ്സൈറ്റ് ലിങ്കിൽ പരിശോധിച്ചാൽ വില കുറച്ചുകാണിച്ചാണോ ആധാരം രജിസ്റ്റർ ചെയ്തത് എന്നറിയാൻ കഴിയും. ഓരോ വർഷവും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടയ്ക്കാൻ നേരത്തെ അവസരം നൽകിയിരുന്നു.

രജിസ്ട്രേഷൻ വകുപ്പ് ശുപാർശ ചെയ്തിരുന്നത് അടുത്ത വർഷവും ഈ അവസരം നൽകണമെന്നായിരുന്നു. എന്നാൽ, ധനവകുപ്പ് ഇതു വെട്ടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു പരമാവധി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി മാർച്ച് 31ന് അവസാനിപ്പിക്കും.

കുടിശികയുള്ള അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതിനാൽ അടുത്ത വർഷം മുതൽ ബദൽ മാർഗം സ്വീകരിക്കുമെന്നായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന ചോദ്യവുമായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കൊന്നും കൊലവിളിച്ചും പാരമ്പര്യം ഉള്ളവർ ഭരിക്കുന്നത് കൊണ്ടാണ് സ്വപ്നയെ തീർത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്നും അദ്ദേഹം പരിഹസിച്ചു.

ഇനിയും അപഹാസ്യനാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ. സിപിഎം ഭരണത്തിൽ കേരളം അധോലോകമായി മാറി. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാൻ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിൽ ഇപ്പോൾ 30 കോടിയാണ് നൽകാൻ തയാറായി നിൽക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാൻ സിപിഎം വിനിയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

വഴങ്ങിയില്ലെങ്കിൽ തീർത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവർ പോലും ഇപ്പോൾ മറിച്ചു ചിന്തിക്കുന്നു. മുഖ്യമന്ത്രി മുമ്പ് പരാമർശിച്ചിട്ടുള്ള അവതാരങ്ങൾ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാർമികവുമായ നടപടികൾ സ്വീകരിക്കുമെന്നും കെപിസിസി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.