കൊച്ചി: ബ്രഹ്മപുരം തീ പിടിത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കത്തയച്ചിട്ടില്ലെന്ന സോൺടാ ഇൻഫ്രാടെക്കിന്റെ ആരോപണത്തിൽ പ്രതികരണവുമായി കൊച്ചി കോർപ്പറേഷൻ മേയർ. കോർപ്പറേഷന്റെ കത്ത് വ്യാജമെന്ന സോൺട എം ഡിയുടെ ആരോപണത്തിൽ, അന്വേഷണം നടക്കട്ടെയെന്നാണ് മേയർ എം അനിൽ കുമാർ വ്യക്തമാക്കിയത്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. രേഖകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും കോർപറേഷൻ അയച്ച കത്തിന്റെ പകർപ്പ് ഫയലിൽ ഉണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സോൺടയെ മനപ്പൂർവ്വമായി കുടുക്കാൻ വ്യാജ കത്ത് ഉപയോഗിക്കുകയാണെന്നായിരുന്നു സോൺടാ ഇൻഫ്രാടെക്ക് എം ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള ആരോപിച്ചത്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോർപ്പറേഷൻ ഇപ്പോൾ കത്ത് അയച്ചു. കോർപ്പറേഷൻ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കമ്പനിക്കെതിരായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ട്. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

