ന്യൂഡൽഹി: മെഡിക്കൽ ബിരുദ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ പുതിയ നടപടികൾ സ്വീകരിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാർഥികൾ എം.ബി.ബി.എസ്. പഠനം ഒമ്പത് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.
ഒന്നാം അധ്യയന വർഷത്തെ എല്ലാ വിഷയങ്ങളും നാലു ശ്രമങ്ങൾക്കുള്ളിൽ വിജയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് കരട് നിർദ്ദേശത്തിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡന്റ്‌സ് അസോസിയേഷനുകൾ രൂപീകരിക്കണം. അതുവഴി വിദ്യാർഥികൾക്കും പൊതു ക്ഷേമ കാര്യങ്ങളിൽ അഭിപ്രായമറിയിക്കാൻ അവസരം ലഭിക്കുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
മികവുറ്റ വിദ്യാർഥികൾക്ക് കോഴ്‌സിനിടയിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനം മാറാൻ അവസരമുണ്ടാകുമെങ്കിലും ഒരു സർക്കാർ കോളേജിൽനിന്ന് മറ്റൊരു സർക്കാർ കോളേജിലേക്കോ ഒരു സ്വകാര്യ കോളേജിൽ നിന്ന് മറ്റൊരു സ്വകാര്യ കോളേജിലേക്കോ മാത്രമേ മാറാൻ സാധിക്കൂ. ഒമ്പത് ഓപ്ഷണൽ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതിൽ അഞ്ചെണ്ണം നിർബന്ധമായും പഠിക്കണം. ബാക്കി നാലെണ്ണം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി തുടങ്ങിയവയാണ് ചോയ്സ് വിഷയങ്ങളെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

