Highlights (Page 51)

ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ലിവ് ഇന്‍ ബന്ധങ്ങള്‍ തടയുകയാണോ ഹര്‍ജിക്കാരന്റെ ലക്ഷ്യം എന്ന് ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ശ്രദ്ധ കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ലിവ് ഇന്‍ റിലേഷനില്‍ നിര്‍ബന്ധമായ രജിസ്‌ട്രേഷന്‍ വേണമെന്ന് ചട്ടങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.

അതേസമയം, എന്താണ് ഹര്‍ജിക്കാരന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണോ അതോ അവരെ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണോ ലക്ഷ്യമെന്നും, ബുദ്ധി ശൂന്യമായ ഹര്‍ജിയാണിത് അതിനാല്‍ പിഴ ചുമത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയിലും അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു. ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ള സേവനമാണ് സാധാരണ ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍ ചാറ്റിജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും.

ഭാവിയില്‍ ഇതുവഴി വാക്കുകള്‍ക്കൊപ്പം ചിത്രങ്ങളും നിര്‍ദേശങ്ങളായി നല്‍കാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു ‘മള്‍ട്ടി മോഡല്‍’ എന്നാണ് ഓപ്പണ്‍ എഐ വിശേഷിപ്പിക്കുന്നത്. തൊഴില്‍ പരവും, അക്കാദമികവുമായ ചില ജോലികളില്‍ മനുഷ്യന് തുല്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ ജിപിടി 4ന് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു. എങ്കിലും യഥാര്‍ത്ഥ ലോക പശ്ചാത്തലത്തില്‍ മനുഷ്യനേക്കാള്‍ പിറകിലാണ് ജിപിടി-4 എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. അതേസമയം ചിത്രങ്ങള്‍ നല്‍കാനാകുന്ന സൗകര്യം ഇപ്പോള്‍ അവതരിപ്പിച്ചിട്ടില്ല.

ഉപഭോക്താവ് നല്‍കുന്ന ടെക്സ്റ്റിലെ 25000 വാക്കുകള്‍ പ്രോസസ് ചെയ്യാനുള്ള കഴിവുണ്ട് ജിപിടി-4 ന്. ഉപഭോക്താവ് പങ്കുവെക്കുന്ന ലിങ്കിലെ ടെക്സ്റ്റുകള്‍ പ്രൊസസ് ചെയ്യാനുമാവും. ജിപിടി-4 ന്റെ പുതിയ കഴിവുകള്‍ ആദ്യം ഉപയോഗിക്കാനാവും എന്നതാണ് ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്റെ നേട്ടം.

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നു. 1071 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിനുള്ളിൽ പത്ത് മടങ്ങ് വർദ്ധനവാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കർണാടകം (121) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തമിഴ്‌നാട് (64), ഡൽഹി (58), ഹിമാചൽ പ്രദേശ് (52) തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ആക്ടീവ് കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 5915 പേരാണ് നിലവിൽ രോഗംബാധിച്ച് ചികിത്സയിലുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. അതേസമയം കോവിഡ് വാക്‌സിൻ വ്യാപനം സംബന്ധിച്ച് അപകടകരമായ നിലയിലല്ല രാജ്യമെന്നത് ആശ്വാസകരമായ വാർത്തയാണ്.

തൊടുപുഴ: കോടിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡായ കൊടുവേലിയിലെ തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാര്‍ നിര്‍മിച്ചത് 42 കിണറുകള്‍. വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 പേര്‍ അടങ്ങുന്ന തൊഴിലാളികളില്‍ 6 പേര്‍ വീതം അടങ്ങുന്ന 2 ടീമുകളായാണ് ഇവര്‍ കിണര്‍ നിര്‍മാണം നടത്തുന്നത്.

രാവിലെ 8.30 മുതല്‍ 5 വരെ ആണ് ജോലി സമയം. 311 രൂപയാണ് ഒരാള്‍ക്ക് വേതനമായി ലഭിക്കുക. മണ്ണിന്റെ ഘടന അനുസരിച്ചു ദിവസവും ഒരു കോല്‍ മുതല്‍ 2 കോല്‍ വരെ താഴ്ചയില്‍ മണ്ണെടുക്കും. രണ്ടര മീറ്റര്‍ ആണ് വ്യാസം. 7 കോല്‍ മുതല്‍ 13 അര കോല്‍ വരെ ആഴമുള്ള കിണറുകള്‍ ഇവര്‍ ഇതിനോടകം നിര്‍മിച്ചു കഴിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ തന്നെ ആണ് ചെയ്യുന്നത്. ചില കിണറുകളില്‍ പാറ കാണുകയാണെങ്കില്‍ അത് പൊട്ടിക്കുന്നതിനായി ഉടമയുടെ സഹായം തേടും.

അതേസമയം, കുഴിക്കുന്ന കിണറുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നതാണ് ഏറെ സന്തോഷം നല്‍കുന്ന കാര്യമെന്നും എല്ലാവരുടെയും ഭാഗത്തു നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഷീബ തങ്കച്ചന്‍, ലിസി ടോമി, മിനി ബിജു, ഡോളി ഷിജു, ലിസി ഫ്രാന്‍സിസ്, ലിസി ജോജോ എന്നിവരടങ്ങുന്ന തൊഴിലാളികള്‍ ആണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കിണറുകള്‍ക്കു പുറമേ മത്സ്യ കുളങ്ങള്‍, വൃക്ഷങ്ങള്‍ നടുന്നതിനുള്ള കുഴികള്‍ എല്ലാം ഇവര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. അങ്ങിനെ സംഭവിക്കാന്‍ പാടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിപൂര്‍വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുള്ള കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി പ്രിയ കെയുടെ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

‘ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്കെതിരെയില്ല. വാര്‍ത്ത നല്‍കിയിതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിട്ടുള്ള, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ല. നീതിപുര്‍വ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്‌തെന്ന് തെളിയിക്കാനാവൂ’- കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവരടക്കം 4 പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ‘നാര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ്’ എന്ന വാര്‍ത്ത പരമ്പരക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് ആണ് കേസെടുത്തത്.

കൊച്ചി: മുസ്ലിം ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ട്, എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.

‘ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് ആര്‍എസ്എസ് കാണുന്നത്. ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചയ്‌ക്കെത്തിയ മുസ്ലിം സംഘത്തില്‍ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെയുമായി തുറന്ന ചര്‍ച്ച തീവ്രനിലപാട് മാറിയാല്‍ മാത്രമെ ഉള്ളൂ. ക്രൈസ്തവ സമൂഹത്തിന് ആര്‍എസ്എസിനെ ഭയമില്ല’- രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് കെ.കെ. ബാലറാം, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സഹ പ്രാന്തപ്രചാര്‍ പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ പുതിയ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ രവി ചൗധരിയെ നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. എയര്‍ഫോഴ്സിന്റെ ഊര്‍ജ്ജകാര്യം, ഇന്‍സ്റ്റലേഷന്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളുടെ ചുമതലയിലേക്കാണ് രവി ചൗധരിയെ നിയമിച്ചിരിക്കുന്നത്. പെന്റഗണിലെ ഉന്നത സിവിലിയന്‍ സ്ഥാനങ്ങളിലൊന്നാണിത്. എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 വോട്ടുകള്‍ക്കെതിരൈ 65 വോട്ടുകള്‍ നേടിയാണ് രവി ചൗധരി വിജയിച്ചത്.

യുഎസിലെ പരമോന്നത സിവിലിയന്‍ നേതൃസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രവി ചൗധരി. അമേരിക്കന്‍ വ്യോമസേനയില്‍ നിരവധി വര്‍ഷങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. മുന്‍പ് യുഎസ് ഗതാഗത വകുപ്പില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ (എഫ്എഎ) ഓഫീസ് ഓഫ് കൊമേഴ്‌സ്യല്‍ സ്‌പേസിന്റെ അഡ്വാന്‍സ്ഡ് പ്രോഗ്രാമുകളുടെയും ഇന്നൊവേഷന്റെയും ഡയറക്ടറായിരുന്നു. ഗതാഗത വകുപ്പില്‍ പ്രവര്‍ത്തിക്കുന്നതിനിടെ റീജിയണ്‍സ് ആന്‍സ് സെന്റര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാണിജ്യ ബഹിരാകാശ ഗതാഗത ദൗത്യത്തിന്റെ ഭാഗമായുള്ള വികസന, ഗവേഷണ പദ്ധതികളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വിവിധ ഓപ്പറേഷണല്‍, എഞ്ചിനീയറിംഗ്, സീനിയര്‍ സ്റ്റാഫ് അസൈന്‍മെന്റ് തലത്തിലും 1993 മുതല്‍ 2015 വരെ യുഎസ് എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ച സമയത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി-17 പൈലറ്റെന്ന നിലയില്‍, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും നിരവധി യുദ്ധ ദൗത്യങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഒരു ഫ്‌ലൈറ്റ് ടെസ്റ്റ് എഞ്ചിനീയര്‍ എന്ന നിലയില്‍, സേനയെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതികളിലും രവി ചൗധരി നിര്‍ണായക പങ്കു വഹിച്ചു. ജിപിഎസ് ബഹിരാകാശ വിക്ഷേപണ പ്രവര്‍ത്തനങ്ങളിലും രവി ചൗധരി ഭാഗമായിരുന്നു. ആദ്യത്തെ ജിപിഎസ് കോണ്‍സ്റ്റലേഷന്റെ പ്രവര്‍ത്തന ശേഷി ഉറപ്പാക്കുന്നതിനായുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

അമേരിക്കയിലേക്ക് കുടിയേറിയവരാണ് രവി ചൗധരിയുടെ മാതപിതാക്കള്‍. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഡിഎല്‍എസില്‍ നിന്ന് എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പിലും ഇന്നൊവേഷനിലും സ്‌പെഷ്യലൈസ് ചെയ്ത രവി ചൗധരി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സെന്റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ എം.എസ്. പൂര്‍ത്തിയാക്കിയ അദ്ദേഹം എയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ ആര്‍ട്സ് ആന്‍ഡ് മിലിട്ടറി സയന്‍സില്‍ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, യുഎസ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.എസ് ബിരുദവും സ്വന്തമാക്കി. അമേരിക്കന്‍ വ്യോമസേനയില്‍ ദശാബ്ദങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയായതിനാല്‍ ഈ പദവിയിലെത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് ഡോക്ടര്‍ ചൗധരിയെന്ന്, അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ സെനറ്റ് വ്യക്തമാക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവില്‍ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശക സമിതി അംഗമായും രവി ചൗധരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ എല്ലാ സഹകരണ സംഘങ്ങളെയും കൊണ്ടുവരുന്നതു പരിശോധിക്കണമെന്ന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്റ് സ്ഥിരം സമിതി. ഇവയുടെ പ്രവര്‍ത്തനം നീതിയുക്തവും സുതാര്യവുമല്ലെന്ന് പി.സി.ഗഡ്ഡിഗൗഡര്‍ അധ്യക്ഷനായ സമിതി വിലയിരുത്തി.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു മാത്രമാണു ഇപ്പോള്‍ ആര്‍ടിഐ ബാധകമായിട്ടുള്ളത്. ശുപാര്‍ശ അംഗീകരിച്ചാല്‍ കേരള ബാങ്ക് അടക്കമുള്ള സഹകരണസംഘങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമായതിനാല്‍ ശുപാര്‍ശ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നു കേന്ദ്ര സഹകരണമന്ത്രാലയ സെക്രട്ടറി ഗ്യാനേഷ് കുമാര്‍ സമിതിയെ അറിയിച്ചു.

അതേസമയം, കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം (1969) റജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ വരില്ലെന്നു ചൂണ്ടിക്കാട്ടി സംഘങ്ങള്‍ക്ക് ആര്‍ടിഐ ബാധകമല്ലെന്ന് 2013 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതുമറികടക്കാന്‍ നിയമഭേദഗതി വേണ്ടിവരും. സഹകരണനയത്തിന്റെ കരട് ഉടന്‍ തയാറാകുമെന്ന് സഹകരണ മന്ത്രാലയം സമിതിയെ അറിയിച്ചു.

ഇന്നലെയും ഇന്ന് രാവിലെയും ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഔട്ട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

46,000 പേരാണ് ഇന്‍സ്റ്റഗ്രാമിനെതിരെ പരാതിയുമായി ഇന്നലെ രംഗത്തെത്തിയത്. ഇന്ന് രാവിലെയും 27,000ത്തിലധികം പരാതികള്‍ ലഭിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ച് വരികയാണെന്നും ഡൗണ്‍ഡിറ്റക്ടര്‍ പറഞ്ഞു. യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 4,000 പേര്‍ ഇന്‍സ്റ്റഗ്രാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസിന്റെ നടപടിയെന്നാണ് റിപ്പോർട്ട്.

സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ലൈംഗിക പീഡന പരാതിയുമായി അദ്ദേഹത്തെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ ഡൽഹി പോലീസ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, ഡൽഹി പോലീസിന്റെ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിയമപ്രകാരം നോട്ടീസിന് യഥാസമയം മറുപടി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ജനാധിപത്യം, സ്ത്രീ ശാക്തീകരണം, അഭിപ്രായസ്വാതന്ത്ര്യം, പ്രതിപക്ഷത്തിന്റെ പങ്ക് എന്നിവയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്നും സർക്കാർ പരിഭ്രാന്തിയിലാണെന്നതിന്റെ മറ്റൊരു തെളിവു കൂടിയാണ് ഇതെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.