അമേരിക്കന്‍ വ്യോമസേനയുടെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ പുതിയ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ രവി ചൗധരിയെ നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്. എയര്‍ഫോഴ്സിന്റെ ഊര്‍ജ്ജകാര്യം, ഇന്‍സ്റ്റലേഷന്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളുടെ ചുമതലയിലേക്കാണ് രവി ചൗധരിയെ നിയമിച്ചിരിക്കുന്നത്. പെന്റഗണിലെ ഉന്നത സിവിലിയന്‍ സ്ഥാനങ്ങളിലൊന്നാണിത്. എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 29 വോട്ടുകള്‍ക്കെതിരൈ 65 വോട്ടുകള്‍ നേടിയാണ് രവി ചൗധരി വിജയിച്ചത്.

യുഎസിലെ പരമോന്നത സിവിലിയന്‍ നേതൃസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രവി ചൗധരി. അമേരിക്കന്‍ വ്യോമസേനയില്‍ നിരവധി വര്‍ഷങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം. മുന്‍പ് യുഎസ് ഗതാഗത വകുപ്പില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ (എഫ്എഎ) ഓഫീസ് ഓഫ് കൊമേഴ്‌സ്യല്‍ സ്‌പേസിന്റെ അഡ്വാന്‍സ്ഡ് പ്രോഗ്രാമുകളുടെയും ഇന്നൊവേഷന്റെയും ഡയറക്ടറായിരുന്നു. ഗതാഗത വകുപ്പില്‍ പ്രവര്‍ത്തിക്കുന്നതിനിടെ റീജിയണ്‍സ് ആന്‍സ് സെന്റര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാണിജ്യ ബഹിരാകാശ ഗതാഗത ദൗത്യത്തിന്റെ ഭാഗമായുള്ള വികസന, ഗവേഷണ പദ്ധതികളുടെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വിവിധ ഓപ്പറേഷണല്‍, എഞ്ചിനീയറിംഗ്, സീനിയര്‍ സ്റ്റാഫ് അസൈന്‍മെന്റ് തലത്തിലും 1993 മുതല്‍ 2015 വരെ യുഎസ് എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ച സമയത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി-17 പൈലറ്റെന്ന നിലയില്‍, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും നിരവധി യുദ്ധ ദൗത്യങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഒരു ഫ്‌ലൈറ്റ് ടെസ്റ്റ് എഞ്ചിനീയര്‍ എന്ന നിലയില്‍, സേനയെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതികളിലും രവി ചൗധരി നിര്‍ണായക പങ്കു വഹിച്ചു. ജിപിഎസ് ബഹിരാകാശ വിക്ഷേപണ പ്രവര്‍ത്തനങ്ങളിലും രവി ചൗധരി ഭാഗമായിരുന്നു. ആദ്യത്തെ ജിപിഎസ് കോണ്‍സ്റ്റലേഷന്റെ പ്രവര്‍ത്തന ശേഷി ഉറപ്പാക്കുന്നതിനായുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

അമേരിക്കയിലേക്ക് കുടിയേറിയവരാണ് രവി ചൗധരിയുടെ മാതപിതാക്കള്‍. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഡിഎല്‍എസില്‍ നിന്ന് എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പിലും ഇന്നൊവേഷനിലും സ്‌പെഷ്യലൈസ് ചെയ്ത രവി ചൗധരി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സെന്റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ എം.എസ്. പൂര്‍ത്തിയാക്കിയ അദ്ദേഹം എയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപ്പറേഷണല്‍ ആര്‍ട്സ് ആന്‍ഡ് മിലിട്ടറി സയന്‍സില്‍ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, യുഎസ് എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.എസ് ബിരുദവും സ്വന്തമാക്കി. അമേരിക്കന്‍ വ്യോമസേനയില്‍ ദശാബ്ദങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയായതിനാല്‍ ഈ പദവിയിലെത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് ഡോക്ടര്‍ ചൗധരിയെന്ന്, അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ സെനറ്റ് വ്യക്തമാക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലയളവില്‍ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശക സമിതി അംഗമായും രവി ചൗധരി പ്രവര്‍ത്തിച്ചിട്ടുണ്ട്.