വിചാരണയിലൂടെ തെളിയിക്കൂ; വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലിലടക്കാനാവില്ലെന്ന് കോടതി

കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലിലടക്കാനാവില്ലെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. അങ്ങിനെ സംഭവിക്കാന്‍ പാടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിപൂര്‍വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുള്ള കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി പ്രിയ കെയുടെ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

‘ഗൗരവമുള്ള ആരോപണങ്ങളൊന്നും ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ക്കെതിരെയില്ല. വാര്‍ത്ത നല്‍കിയിതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ച് ആരെയും ജയിലിലടക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിട്ടുള്ള, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ല. നീതിപുര്‍വ്വമായ വിചാരണ നടത്തിയേ കുറ്റം ചെയ്‌തെന്ന് തെളിയിക്കാനാവൂ’- കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവരടക്കം 4 പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ‘നാര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ്’ എന്ന വാര്‍ത്ത പരമ്പരക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് ആണ് കേസെടുത്തത്.