ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റർ ‘ഡിജിറ്റൽ ഹൈവേ’ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതകളിൽ ഒപ്ടിക് ഫൈബർ കേബിളുകൾ (ഒഎഫ്സി) ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ ഹൈവേ യാഥാർഥ്യമാക്കുന്നത്.
എൻഎച്ച്എഐയുടെ കീഴിലുള്ള നാഷണൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് ദേശീയപാതകളിലുടനീളം യൂട്ടിലിറ്റി കോറിഡോറുകൾ സ്ഥാപിക്കും. 2025-ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനും പദ്ധതിയിടുന്നു. രാജ്യത്തെ ഉൾപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുകയും വരാനിരിക്കുന്ന 5ജി, 6ജി സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയപാതകളിൽ ഒഎഫ്സി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെലികോം/ ഇന്റർനെറ്റ് സേവനങ്ങൾക്കായി പ്ലഗ് ആൻഡ് പ്ലേ അല്ലെങ്കിൽ ഫൈബർ ഓൺ ഡിമാൻഡ് മോഡൽ ഒഎഫ്സി നെറ്റ് വർക്ക് അനുവദിക്കും. യോഗ്യരായ ഉപയോക്താക്കൾക്ക് ഒരു വെബ് പോർട്ടലിലൂടെ നിശ്ചിത വിലയിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഇക്കാര്യം സംബന്ധിച്ച് ടെലികോം വകുപ്പുമായും ട്രായിയുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.

