കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴക്കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും ഇഡി വാദിച്ചു.
അതേസമയം, കൊച്ചി പിഎംഎല്‍എ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസില്‍ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്.ക്തമാക്കിയിരുന്നു.
എന്നാല്‍, ശിവശങ്കറാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. സമാനമായ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന ശിവശങ്കര്‍ ഇഡിയെ അറിയിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന്‍ കേസ് വരുന്നതെന്നും ഇത് വേറെ കേസായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.

