ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നു; കോൺഗ്രസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിജെപി പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംകാലങ്ങളിൽ കൂടുതൽ ഊർജ്വസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്ത് എത്തിയെങ്കിലും ഇത്തവണ ഭരണം നേടാൻ ബിജെപിയ്ക്ക് കഴിഞ്ഞില്ല.