ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത; വൈദ്യുതി ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി.

കെഎസ്ഇബി നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നത് അഞ്ച് വർഷത്തേക്കുള്ള താരിഫ് വർദ്ധനയ്ക്കാണ്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടി വാങ്ങുന്ന നിലക്കുള്ള നിർദ്ദേശങ്ങൾ റെഗുലേറ്ററി കമ്മീഷൻ പരിഗണിച്ചിട്ടുണ്ട്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വർദ്ധനക്ക് കളമൊരുങ്ങുന്നത്.

പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത് ഏപ്രിൽ ഒന്നിനായിരുന്നു. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.