ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28-ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് കെട്ടിടം രാജ്യത്തിന് സമർപ്പിക്കുക. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണം നൽകിയെന്നണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഇക്കഴിഞ്ഞ മാർച്ച് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണ പുരോഗതി വിലയിരുത്താൻ മന്ദിരത്തിലെത്തിയിരുന്നു.
രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ പുതിയ പാർലമെന്റിന് സാധിക്കും. പുതിയ പാർലമെന്റ്. 970 കോടി രൂപയാണ് പാർലമെന്റിന്റെ നിർമ്മാണ ചെലവ്. ടാറ്റ പ്രോജക്ട്‌സ് ആണ് കെട്ടിടം നിർമ്മിച്ചത്. 64,500 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. വലിയ ആഘോഷ പരിപാടികളാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടാകുകയെന്നാണ് വിവരം.

