ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം: ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത്‌ ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്.

കൊല്ലം മുളങ്കാടകം സ്വദേശി അഡ്വക്കേറ്റ് മനോജ് രാജഗോപാൽ ആണ് വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി നൽകിയത്.

മെയ് 10നാണ് വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ആണ് വന്ദനയെ യുപി സ്കൂൾ അധ്യാപകനായ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.