ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കൽ; ലിഡാർ സർവേ നടത്താനൊരുങ്ങി റെയിൽവേ

എറണാകുളം: ലിഡാർ സർവേ നടത്താനൊരുങ്ങി റെയിൽവേ. സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം അവസാനത്തോടെ റെയിൽവേ ലിഡാർ സർവ്വേ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് സർവേ.

ഭൂപരമായ പ്രത്യേകതകളെല്ലാം സർവ്വേയിൽ കൃത്യമായി രേഖപ്പെടുത്തും. അതിവേഗ ട്രെയിനുകൾ ഓടിക്കാനായി വളവുകൾ പരമാവധി നിവർത്തുന്നതിന് വേണ്ടിയാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുന്നത്.

ഒക്ടോബർ മാസത്തോടെ സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. ഹൈദരാബാദിലെ ആർവി അസോസിയേറ്റ്സാണ് സർവേ നടത്തുന്നത്. പിന്നീട് രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ ലൈനിന്റെ 35 ശതമാനവും വളവുകളാണ്. 626 വളവുകളിൽ 200 എണ്ണം കൊടും വളവുകളാണ്. ഇത്രയും വളവുകളുള്ള മെയിൻ റെയിൽവേ ലൈൻ ശൃംഖല മറ്റൊരു സംസ്ഥാനത്തുമില്ല.