തിരുവനന്തപുരം: കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കായാണ് തുക അനുവദിച്ചത്. നേരത്തെ ലോകബാങ്ക് 125 ദശലക്ഷം ഡോളറിന്റെ ധനസഹായം അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ തുക അനുവദിച്ചത്. തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിർണായക മേഖലകളിൽ കേരളത്തിന് വലിയ ആശ്വാസമേകുന്ന നടപടിയാണ് ലോകബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. 2021 ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമായി. 100 ദശലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളും ഉണ്ടായി. ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ളവരുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.

