ചെന്നൈ: ബിജെപിക്കെതിരെ വെല്ലുവിളിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്ത് മിനിട്ടായിരുന്നു വീഡിയോയുടെ ദൈർഘ്യം.
ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. റെയ്ഡുകൾ നടത്തുന്നത് ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
ബാലാജിയുടെ വകുപ്പ് മന്ത്രിമാരായ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്‌സൈസിന്റേയും അധിക ചുമതല നൽകുമെന്നാണ് വിവരം.

