എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ഇനി C ടൈപ്പ് ചാർജർ; നിയമം ഉടൻ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് സി ടൈപ്പ് യുഎസ്ബി ചാർജർ നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകൾ. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സി ടൈപ്പ് യുഎസ്ബി ചാർജർ നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച ശുപാർശ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാനൽ കമ്പനികൾക്ക് 2025 ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്.

2024 ഡിസംബർ വരെയാണ് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻയൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് ടൈപ്പ്-സി ചാർജർ ഇ-മാലിന്യം കുറയ്ക്കാനും സുസ്ഥിര വികസനത്തിലേക്ക് നീങ്ങാനും ഇന്ത്യയെ സഹായിക്കുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വ്യക്തമാക്കുന്നത്.

ഓരോ ഉപഭോക്താവിനും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴെല്ലാം വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ, ചാർജറുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. അധിക ചെലവ് കുറയ്ക്കാനും ഇതിലൂടെ കഴിയും.