ചന്ദ്രയാൻ 3 ജൂലൈ മാസം വിക്ഷേപിക്കും; ബജറ്റ് 615 കോടി

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ജൂലൈ മാസം വിക്ഷേപിക്കും. ജൂലായ് 12നും 19നും ഇടയിലായിരിക്കും ചന്ദ്രയാൻ 3 വിക്ഷേപിക്കുക. ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ 3 ബഹിരാകാശപേടകം പൂർണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിക്ഷേപണ തീയതി പ്രഖ്യാപിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.

ഐഎസ്ആർഒയുടെ ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ദൗത്യമാണ് ചന്ദ്രയാൻ 3. ആദ്യദൗത്യമായ ചന്ദ്രയാൻ 1 പൂർണമായും വിജയകരമായിരുന്നു. എന്നാൽ, ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണ് ചന്ദ്രയാൻ 2 ദൗത്യത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിരുന്നു.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ് 615 കോടി രൂപയാണ്. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിളിൽ മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്.