ന്യൂഡൽഹി: ഉദ്യം പോർട്ടലിലെ എംഎസ്എംഇ രജിസ്‌ട്രേഷനുകൾ രണ്ട് കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷം കൊണ്ടാണ് റെക്കോർഡ് രജിസ്‌ട്രേഷനുകൾ പൂർത്തിയാക്കാൻ ഉദ്യം പോർട്ടലിന് കഴിഞ്ഞത്.
2020 ജൂലൈ ഒന്നിനാണ് ഉദ്യം പോർട്ടൽ പ്രവർത്തനം ആരംഭിച്ചത്. എംഎസ്എംഇ മന്ത്രി നാരായണൻ റാണെയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യം പോർട്ടലിന്റെ വിജയം ‘സംരംഭക ഇന്ത്യ’യിലേക്കുള്ള ശക്തമായ ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യം പോർട്ടലിന്റെ നേട്ടത്തിൽ അദ്ദേഹം എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ, സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമാണ് ഉദ്യം. 1.94 കോടി മൈക്രോ, 5.54 ലക്ഷം ചെറുകിട, ഏകദേശം 52,000 ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെ 2.01 കോടി എംഎസ്എംഇകൾ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യം അസിസ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 30.93 ലക്ഷം എംഎസ്എംഇകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാത്തതോ, അല്ലെങ്കിൽ ആവശ്യമില്ലാത്തതോ ആയ സംരംഭങ്ങളുടെ രജിസ്‌ട്രേഷനുകൾ നടത്തി അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക മേഖലയ്ക്ക് കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച പോർട്ടലാണ് ഉദ്യം അസിസ്റ്റ്.

