ദ്വാരകയിൽ യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ ആദ്യ ഘട്ടവും ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈൻ ദ്വാരക സെക്ടർ 21 ൽ നിന്നും ദ്വാരക സെന്റർ 25 ലെ പുതിയ മെട്രോ സ്റ്റേഷനിലേക്ക് നീട്ടുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് മീറ്റിംഗുകൾ കോൺഫെറെൻസുകൾ എക്സിബിഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. മൊത്തത്തിൽ 8. 9 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രൊജക്റ്റ് ഏരിയയും 1. 8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ ബിൽറ്റ് അപ് ഏരിയയും ഉള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ യോഗങ്ങൾക്കും, എക്സിബിഷനുകൾക്കും കോൺഫെറെൻസുകൾക്കും വേദിയാക്കാൻ ഉതകുന്നതാണ്. 73, 000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11, 000 പ്രതിനിധികളെ ഉൾകൊള്ളാൻ കഴിയുന്ന 13 മീറ്റിംഗ് റൂമുകൾ എന്നിവയുൾപ്പെടെ 15 കൺവെൻഷൻ റൂമുകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ LED മീഡിയ ആണ് സ്ഥാപിച്ചിരുക്കുന്നതെന്നും അധികൃതർ പറഞ്ഞു.
കൺവെൻഷൻ സെന്ററിൽ പ്ലീനറി ഹാൾ ആണ് പ്രധാന ആഡിറ്റോറിയം. ഏകദേശം 6000 അതിഥികൾക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്, ഏറ്റവും നൂതനമായ ഔട്ടോ മെറ്റഡ് ഇരിപ്പിട സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. തനതായ പെറ്റൽ സീലിംഗ് ഉള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2,500 അതിഥികൾക്ക് ആതിഥേയത്വം വഹിക്കാനാകും. 500 പേർക്ക് ഇരിക്കാവുന്ന വിപുലീകൃത തുറന്ന സ്ഥലവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന 13 മീറ്റിംഗ് റൂമുകൾ വിവിധ സ്കെയിലുകളിലുള്ള വിവിധ മീറ്റിംഗുകൾ നടത്താൻ വിഭാവനം ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഇതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷൻ ഹാളുകളിലൊന്നിൽ യശോഭൂമി ഉടപ്പെടും.
ഇന്ത്യൻ സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടുള്ള കൊത്തുപണികളാണ് കൺവെൻഷൻ സെൻ്ററിനുള്ളിൽ ചെയ്തിരിക്കുന്നത്. മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, റൂഫ്‌ടോപ്പ് സോളാർ പാനലുകൾ എന്നിവയുള്ള അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി മെട്രോ എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ഉയർത്തുമെന്നും യാത്രാ സമയം കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു

