ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് ഏറെ വൈകാരികതയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിലേയ്ക്ക് മാറുകയാണെങ്കിലും പഴയ കെട്ടിടം പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ഒരുപാട് കയ്‌പ്പേറിയതും മധുരമുള്ളതുമായ ഓർമകൾ തങ്ങി നിൽക്കുന്ന കെട്ടിടത്തോടാണ് വിട പറയുന്നത്. നമ്മളെല്ലാവരും ഈ ചരിത്രപരമായ കെട്ടിടത്തോട് വിടപറയുകയാണ്. താൻ ആദ്യമായി ഈ മന്ദിരത്തിൽ അംഗമായി പ്രവേശിച്ചപ്പോൾ തനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
ചന്ദ്രയാൻ, ജി -20 വിജയങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും അണിയറ പ്രവർത്തകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുകയാണ്. നേട്ടം ഒരാളുടെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളുടേതുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയിൽ ഒരു സുഹൃത്തിനെ ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. ഇന്ത്യ ലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, സാദ്ധ്യതകൾ, 140 കോടി ജനങ്ങളുടെ ശക്തി എന്നിവയെല്ലാം രാജ്യത്തിന് ഒരു പുതിയ രൂപം നൽകിയിരിക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

