അരവിന്ദ് കെജ്രിവാൾ ഇനി തിഹാർ ജയിലിൽ; ദിനചര്യകൾ ഇങ്ങനെ

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇനി തിഹാർ ജയിലിൽ. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാൾ. മനീഷ് സിസോദിയ ഒന്നാം നമ്പറിലും, മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ ഏഴാം നമ്പറിലും, രാജ്യസഭാ എംപി സഞ്ജയ് സിങ് അഞ്ചാം നമ്പർ ജയിലിലും. ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആറാം നമ്പർ ജയിലിൽ വനിതാ വിഭാഗത്തിലുമാണ് കഴിയുന്നത്.

ചായയും ഏതാനും റൊട്ടി കഷ്ണങ്ങളുമാണ് ജയിലിലെ പ്രഭാത ഭക്ഷണം. കുളി കഴിഞ്ഞാൽ കോടതിയിൽ കേസുണ്ടെങ്കിൽ, കെജ്രിവാൾ അങ്ങോട്ടുപോകും. അതല്ലെങ്കിൽ, തന്റെ നിയമസംഘവുമായി കൂടിക്കാഴ്ച നടത്തും. 10.30 നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. ദാലും സബ്ജിയും ചോറോ അല്ലെങ്കിൽ അഞ്ച് റോട്ടിയോ അടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഉച്ച മുതൽ 3 മണി വരെ തടവുകാരെ സെല്ലുകളിൽ അടയ്ക്കും. മൂന്നരയ്ക്ക് ചായയും, രണ്ടു ബിസ്‌ക്കറ്റും നൽകും. നാലുമണിക്ക് അഭിഭാഷകരെ കാണാൻ അവസരം ലഭിക്കും. രാത്രി ഭക്ഷണം 5.30 ന് കഴിയും. രാത്രി 7 മണിയോടെ സെല്ലുകൾ പൂട്ടും.

ജയിലിലെ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഇല്ലാത്തപ്പോൾ, കെജ്രിവാളിന് ടെലിവിഷൻ കാണാം. വാർത്തയും, വിനോദവും, കായിക വിനോദവും അടക്കം 20 ചാനലുകളോളം അനുവദിക്കും. 24 മണിക്കൂറും ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ജയിലിലുണ്ടാകും. പ്രമേഹ രോഗിയായ കെജ്രിവാളിന് പതിവ് പരിശോധനകൾ നടത്തുകയും ചെയ്യാം.

അതേസമയം, രോഗാവസ്ഥ കണക്കിലെടുത്ത് കെജ്രിവാളിന് പ്രത്യേക ഭക്ഷണം അനുവദിക്കണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചിട്ടുണ്ട്. രാമായണം, ഭഗവദ് ഗീത, മീധ്യമപ്രവർത്തക നീരജ ചൗധരി എഴുതിയ ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളുടെ കോപ്പികൾക്കായി കെജ്രിവാൾ അപേക്ഷ നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടുതവണ കുടുംബാങ്ങളെ കാണാം. ജയിൽ അധികൃതർ അംഗീകരിച്ച പട്ടികയിൽ ഉള്ളവരായിരിക്കണം സന്ദർശരെന്നാണ് നിബന്ധന.