പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയുകയില്ല; അമിത് ഷാ

ന്യൂഡൽഹി: അടുത്തിടെ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയുകയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നിനെക്കുറിച്ചോർത്തും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാർക്വീ ലീഡർഷിപ്പ് കോൺക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് പ്രതിപക്ഷം പുതിയ നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അടുത്ത പ്രകടന പട്ടികയിൽ എൻആർസി കൊണ്ടുവരേണ്ടതുണ്ടോയെന്ന് തങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിൽ ബിൽ പാസാക്കി വിജ്ഞാപനം പുറപ്പെടുവിക്കാൻ നാല് വർഷം സമയമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും അമിത് ഷാ മറുപടി നൽകി. ബിൽ പാസാക്കി ഉടൻ തന്നെ ഒട്ടേറെ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളും രാജ്യത്ത് പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ രാജ്യത്ത് കോവിഡ് 19 വ്യാപിച്ചതും തടസ്സമായെന്നും അദ്ദേഹം വിശദമാക്കി.