കോവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കായി ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തുടർ നടപടി സ്വീകരിക്കാതെ സർക്കാർ. സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ ഹോമിയോ വിഭാഗക്കാരെ ഉൾപ്പെടുത്താൻ സർക്കാരോ ആരോഗ്യ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

കോവിഡ് ചികിത്സക്ക് സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. 28 ദിവസത്തിനം ഹോമിയോപ്പതിയിൽ കോവിഡ് ചികിത്സിക്കാൻ അവസരം ഒരുക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഓഗസ്റ്റ് 13 നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദ ഇൻസ്റ്റിറ്റിയൂൂഷൻ ഓഫ് ഹോമിയോപ്പതി കേരള നൽകിയ ഹർജിയിലാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് അടക്കം കോടതി വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് ഹോമിയോപ്പതി ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവുകൾ കോടതിയും പുറപ്പെടുവിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും കേന്ദ്രനിർദ്ദേശം അനുസരിച്ച് ഹോമിയോ ചികിത്സ കൂടി നടത്തുന്നുണ്ട്. എന്നാൽ നിലവിൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള കേരളത്തിൽ മാത്രം ഹോമിയോ ചികിത്സയ്ക്ക് അനുമതി നൽകാത്തത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹോമിയോ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്്.

2020 ഡിസംബറിൽ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കോവിഡ് രോഗികളെയും ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികളുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടർമാരുമുണ്ടെങ്കിലും കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. രോഗമില്ലാത്തവർ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാൽ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം. എന്നാൽ സർക്കാർ ഇതിന് അനുമതി നൽകിയില്ല.

കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കൽ കോളേജുകൾ ഇപ്പോൾ അലോപ്പതി സി.എഫ്.എൽ.ടി.സികളായാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഡിസ്‌പെൻസറികളിലെ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ അലോപ്പതി സി.എഫ്.എൽ.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന ഡോക്ടർമാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.