ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ സാഹിത്യകാരൻ പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. ആകസ്മികം- ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതിക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ പി ശങ്കരൻ, അനിൽ വള്ളത്തോൾ, സേതുമാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം ജേതാവിനെ തെരഞ്ഞെടുത്തത്.
നേരത്തെ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കവിതയും ഗദ്യസാഹിത്യവും നാടകവും ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്ക നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

