ബെംഗളൂരു: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തിരിക്കുന്നത്. 2019 ലാണ് ഈ കാര്‍ അമിതാഭ് ബച്ചന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.
സംവിധായകനായ വിധു വിനോദ് ചോപ്രയാണ് ബച്ചന് ഈ കാറ് സമ്മാനിച്ചത്. അമിതാഭിനോടൊപ്പം രണ്ടു സിനിമകള്‍ ചെയ്തതിനുശേഷമാണ് വിധു വിനോദ് ചോപ്ര റോള്‍സ് റോയിസ് അമിതാഭിന് സമ്മാനിച്ചത്.
അതേസമയം, ഈ കാര്‍ ബെംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സല്മാന് ഖാന് എന്ന വ്യക്തിയാണ് ഇപ്പോള്‍ കാര്‍ ഓടിക്കുന്നതെന്നും കാറുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
മാത്രമല്ല, കാറിന്റെ ഇന്‍ഷുറന്‍സ് ഇതുവരെ പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാറിന്റെ ഉടമ ഇപ്പോഴും അമിതാഭ് ബച്ചനാണെന്നും ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു.

